benyamin

മാന്തളിരിലേക്കുള്ള യാത്രയിലുടനീളം 'ആടുജീവിതം' എഴുതിയ എഴുത്തുകാരനെ നേരിൽ കാണാനുള്ള ഒരാവേശമായിരുന്നു. ആവേശമെന്നതിലുപരി അത് എത്രയോ കാലമായുള്ള ഒരാഗ്രഹമായിരുന്നു. ഡി.സി ബുക്സിന്റെ പച്ചക്കുതിര മാസികയ്ക്കുവേണ്ടി ബെന്യാമിനെ ഇന്റർവ്യൂ ചെയ്യുക എന്നതായിരുന്നു എന്റെ യാത്രയുടെ ലക്ഷ്യം. കഴിഞ്ഞ അവധിക്കാലത്ത് മരുഭൂമിയിലൂടെ യാത്ര ചെയ്യാൻ അവസരം കിട്ടിയപ്പോഴും മസ്റ കണ്ടപ്പോഴും ആടിനെയും ഒട്ടകത്തെയും പരിപാലിക്കുന്ന പച്ചയായ മനുഷ്യരെ കണ്ടപ്പോഴും അവരുടെ കണ്ണിൽ ഞാൻ തിരഞ്ഞത് നജീബിനെയും ഹക്കീമിനെയും ഇബ്രാഹിം ഖാദിരിയെയുമായിരുന്നു. അത് എനിക്ക് മാത്രമല്ല, ഈ ഭൂമിമലയാളത്തിൽ എല്ലാവർക്കും അങ്ങനെ തന്നെയാണ്. കാരണം 'ആടുജീവിതം' മലയാളി വായനക്കാരിൽ ഏൽപ്പിച്ച പ്രഹരം അത്രയ്ക്ക് കനത്തതായിരുന്നു. 'ആടുജീവിതം' ഒരു ബൃഹത്തായ നോവൽ അല്ലാതിരുന്നിട്ടും ജനങ്ങൾ ആ നോവലിനെ നെഞ്ചേറ്റിയിരുന്നു. അതിലെ നജീബും ഖാദിരിയുമൊക്കെ നമ്മൾ ഓരോരുത്തരുമായിരുന്നു.


നോവലിന്റെ തുടക്കത്തിൽ തന്നെ ബെന്യാമിൻ പറയുന്നുണ്ട്, ''നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്'' എന്ന്. പക്ഷേ നമ്മൾ അനുഭവിക്കാത്ത ആ ജീവിതത്തിലുടനീളം നമ്മൾ തന്നെയാണ് ജീവിച്ചിരുന്നത്. അതുകൊണ്ടു തന്നെയാണ് വായനയ്ക്ക് ശേഷവും അത് ഒരു നീറ്റലായി നമ്മളിൽ അവശേഷിക്കുന്നത്. നോവലിന്റേതായ പൊടിപ്പും തൊങ്ങലും വച്ച് ഒട്ടും മേമ്പൊടിയില്ലാതെ ഒരു ജീവിതാനുഭവത്തെ മനോഹരമായ ഹൃദയസ്പൃക്കായി അനുഭവപ്പെടുത്താൻ ബെന്യാമിന് കഴിഞ്ഞിരുന്നു. അതിന് അദ്ദേഹത്തിന്റെ പ്രവാസജീവിതവും ഒരു കാരണമായേക്കാം എന്നൊക്കെയുള്ള എന്റെ കൂലങ്കഷമായ ചിന്തയെ തടസപ്പെടുത്തിയത് പന്തളം ജില്ലയിലെ പച്ചബോർഡിൽ വെള്ള അക്ഷരം കൊണ്ട് എഴുതിയ 'കുളനട' എന്ന ബോർഡായിരുന്നു. വീണ്ടും ആ അക്ഷരങ്ങളിലേക്ക് സൂക്ഷിച്ചു നോക്കാൻ തുടങ്ങിയപ്പോഴേക്കും സഞ്ചരിച്ച വാഹനം അതിനെയും മറികടന്ന് എത്രയോ ദൂരം പോയിരുന്നു. അത് യഥാർത്ഥത്തിൽ കുളനടയായിരുന്നില്ല. മദ്ധ്യതിരുവിതാംകൂർ ഗ്രാമത്തിലെ ഒരു ദേശമായിരുന്നു. ആ ദേശത്തിന്റെ കഥയാണ് മാന്തളിർകഥകളായി പിന്നീട് പരിണമിച്ചത്. റവന്യൂ രേഖകളിൽ മാന്തളിർ എന്ന മനോഹരമായ പേരായി മാറുകയായിരുന്നു.


ബെന്യാമിന്റെ 'അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങളിലും,' ' മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങളിലും' നിറഞ്ഞു നിൽക്കുന്ന മാന്തളിർ ദേശവും മാന്തളിർ തറവാടും മാന്തളിർ പള്ളിയും മാന്തളിർ കഥകൾക്ക് ആധാരമാവുകയായിരുന്നു. എന്നാൽ ആ കഥകളിലൊക്കെയും ഇന്നലെ വഴിയിലൂടെ നടന്നു പോകുമ്പോൾ മിണ്ടിയും കലഹിച്ചു പോയുമിരുന്നവർ ആണെന്നു മാത്രം. എന്നാൽ അവതരണമാണെങ്കിലോ ആക്ഷേപഹാസ്യത്തിന്റെ ചുവയിലാണ് എന്നതാണ് ഏറ്റവും രസകരം. അതേ സമയം ഈ രണ്ടു നോവലുകളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എങ്ങനെയാണ് ഒരു സാധാരണ ജനജീവിതത്തെ സ്വാധീനിച്ചിരുന്നത്, നിയന്ത്രിച്ചിരുന്നത് എന്നൊക്കെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും കണ്ണിനെ ഈറനണിയിച്ച 'ആടുജീവിതം' എഴുതിയ നോവലിസ്റ്റിനെയല്ല അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങളിലും മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങളിലും കാണാൻ കഴിയുക. എന്നാൽ 'മഞ്ഞവെയിൽ മരണത്തിലേക്ക്' എത്തുമ്പോൾ നോവലിന്റെ സഞ്ചാരം ഒരു ഡിറ്റക്ടീവ് ത്രില്ലറിന്റെ ആസ്വാദന നിലവാരത്തിലേക്ക് എത്തുകയായിരുന്നു. കേരളത്തിലെ വായനക്കാരെയെല്ലാം 'ഡീഗോ ഗാർഷ്യ' എന്ന സാങ്കൽപ്പിക ലോകത്തിലേക്ക് കൊണ്ടു പോയി അന്ത്രപ്പേറിന്റെ ജീവിതകഥ തിരഞ്ഞു കണ്ടുപിടിക്കേണ്ട ചുമതല ഏൽപ്പിക്കുകയായിരുന്നു. 'മുല്ലപ്പൂ നിറമുള്ള പകലുകളി' ൽ സമീറയുടെ ഭാവന ലോകത്തിലും യാഥാർത്ഥ്യലോകത്തേക്കും മാറി മാറി സഞ്ചരിക്കുകയായിരുന്നു. അങ്ങനെ ബെന്യാമിൻ നോവലിന്റെ സ്ഥിരം വാർപ്പ് മാതൃകകളെ സ്വയം ബഹിഷ്‌ക്കരിക്കുകയായിരുന്നു.


ഇത്രയുമൊക്കെ ആലോചിക്കുന്നതിനിടയിലും എന്തായിരിക്കും ബെന്യാമിന്റെ പ്രതികരണങ്ങൾ എന്നുള്ള ആശങ്കകളിൽ ഒരു യുദ്ധം ഇതിനോടകം മനസിൽ നടന്നു കഴിഞ്ഞിരുന്നു. ഗൂഗിൾ ലൊക്കേഷനെ പിന്തുടർന്ന് ഞങ്ങൾ എത്തിയത് ബെന്യാമിന്റെ വീടിന് മുന്നിലല്ലായിരുന്നു. അവിടെ നിന്ന് നട്ടം തിരയുന്നതിനിടയിൽ നെറ്റിയിൽ ഒരു വലിയ കുറി തൊട്ട, ബി.ജെ.പി പ്രവർത്തകനെന്ന് തോന്നിക്കുന്ന കാവിമുണ്ട് ധരിച്ച ഓട്ടോഡ്രൈവറോട് ബെന്യാമിന്റെ വീട് അന്വേഷിച്ചു. ഉടനെ തന്നെ ശരിയായ വഴി പറഞ്ഞുതരികയും അതിലും സംതൃപ്തി കിട്ടാതെ സ്വന്തം ഓട്ടോ എടുത്ത് ഞങ്ങളുടെ വാഹനത്തിന്റെ മുന്നിൽ ഞങ്ങൾക്ക് വഴികാട്ടിയായി അദ്ദേഹവും കൂടി. ഒടുവിൽ അദ്ദേഹം ബെന്യാമിന്റെ വീടിന് മുന്നിൽ ഓട്ടോറിക്ഷ നിർത്തിയിറങ്ങി. എന്നിട്ട് ബെന്യാമിന്റെ വീട് ചൂണ്ടിക്കാട്ടി വലിയ മതിപ്പോടെ, അഭിമാനത്തോടെ പറഞ്ഞു, ഇതാണ് വീട് എന്ന്. ബെന്യാമിന്റെ വീട്ടിൽ കയറുമ്പോൾ എന്റെ അമ്മ പറഞ്ഞു, ഇരുപത്തിനാലുമണിക്കൂറും ബി.ജെ.പിക്കാരെ കുറ്റം പറഞ്ഞിട്ട് ഇപ്പോൾ അവർ തന്നെ വേണ്ടി വന്നല്ലോ വഴികാണിക്കാനെന്ന്. ആ തമാശ കേട്ട് ബെന്യാമിനും ഏറെ നേരം പൊട്ടിച്ചിരിച്ചു. തികച്ചും വ്യത്യസ്തമായ പ്രത്യയശാസ്ത്ര ധാരയിൽ വിശ്വസിക്കുന്നവർക്കു പോലും പ്രിയങ്കരനായ ജനകീയനായ എഴുത്തുകാരനാണ് ബെന്യാമിൻ എന്ന് അപ്പോൾ തന്നെ ഞാൻ മനസിൽ കുറിച്ചിട്ടു.


വീട്ടിലേക്ക് കയറുമ്പോൾ അദ്ദേഹത്തിന്റെ സൗമ്യമായ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു. മാത്രവുമല്ല, ഹൃദ്യമായ സ്വീകരണംകൊണ്ട് എന്റെ മനസ്സിലുള്ള എല്ലാ ആശങ്കകളെയും ആ നിമിഷം തന്നെ അദ്ദേഹം തല്ലിക്കെടുത്തിയിരുന്നു. സംസാരിച്ച് തുടങ്ങിയപ്പോൾ എന്തും ചോദിക്കാം എന്നുള്ള മനോഭാവം എനിക്കും എന്തിനും മറുപടി പറയും എന്നുള്ള ഒരാത്മവിശ്വാസം അദ്ദേഹത്തിനുമുണ്ടായിരുന്നു. പിന്നീട് ഞങ്ങളുടെ സംസാരം, ചർച്ച, സംവാദം എന്നീ മേഖലകളിലേക്കും മണിക്കൂറുകളോളം കടന്നുപോയിരുന്നു. എന്നാൽ, പള്ളിയേയും സഭയേയും നിരന്തരമായി വിമർശിക്കുമ്പോഴും ആ വ്യവസ്ഥിതിയുടെ നല്ല വശങ്ങളെ വ്യക്തിപരമായ വൈകാരികതലങ്ങൾ കൊണ്ട് അദ്ദേഹം ന്യായീകരിക്കുന്നുമുണ്ട്. ആടുജീവിതം എഴുതിയ എഴുത്തുകാരനപ്പുറം ബെന്യമിൻ എന്ന വ്യക്തി രൂപപ്പെട്ടത് ക്രിസ്ത്യൻ സമൂഹത്തിലെ യാക്കോബായ ഓർത്തഡോക്സ് സമുദായത്തിന്റെ നല്ലതും ചീത്തയുമായ ജീവിത പരിസരത്ത് നിന്നായിരുന്നു. സ്വാഭാവികമായും അതിന്റെ അനുരണനങ്ങൾ തന്റെ കൃതികളിൽ മുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാമോദീസ കർമ്മം മുതൽ സൺഡേ സ്‌കൂളിലെ പഠനം, പള്ളിയിലെ പ്രാർത്ഥന, വിവാഹം എന്നിവയൊക്കെയും പൂർണമായും വിശ്വാസത്തിൽ അധിഷ്ഠിതമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ഒരു സ്വാധീനം എല്ലാത്തിനുമുപരി അദ്ദേഹത്തെ മനുഷ്യപക്ഷത്ത് നിലയുറപ്പിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. അതുതന്നെയാവാം ജീവിതഗന്ധിയായ സർഗസൃഷ്ടികളുടെ ഉറവിടമായി ആ ജീവൻ പരിണമിക്കാനുള്ള കാരണവും.


സഭാവഴക്ക് വറക്കുന്ന മൺചട്ടി എന്നാണ് അദ്ദേഹം പള്ളിയെ വിശേഷിപ്പിക്കുന്നത്. എന്നാൽ, മരണത്തെ വലിയ ഒരു പ്രത്യാശയായി മാറുന്നത് എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. അതുപോലെ മനുഷ്യന്റെ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ഇബ്രാഹിം ഖാദിരിയെപ്പോലെ അപരിഷ്‌കൃതനായ വിദ്യാഭ്യാസമില്ലാത്തതോ വിദ്യാഭ്യാസമുള്ളതോ പരിഷ്‌കൃതനോ ആയ ഒരു മനുഷ്യന്റെ ഇടപെടൽ ജീവിതത്തിലുണ്ടാവുമെന്നും ബെന്യമിൻ ഉറച്ചു വിശ്വസിക്കുന്നുണ്ട്. ദീർഘമായ ഒരു സംഭാഷണം അവസാനിപ്പിച്ച് യാത്ര പറഞ്ഞ് ഇറങ്ങാൻ ഒരുങ്ങിയപ്പോൾ സുഭിക്ഷമായ ഭക്ഷണം കഴിപ്പിച്ചാണ് എന്നെ പറഞ്ഞയച്ചത്. ആ ആതിഥ്യ മര്യാദയും ഞാൻ ഏറെ അത്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു. അതിന് ഒരു പ്രത്യേക കാരണം കൃതികളിലെ എഴുത്തുകാരും ജീവിതത്തിലെ എഴുത്തുകാരനും തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന് ഈ ചെറിയ പ്രായത്തിനുള്ളിൽ ഞാൻ മനസ്സിലാക്കിയിരുന്നു. അതിൽ നിന്നും നേരിട്ട നാട്യങ്ങളില്ലാത്ത ഒരു പച്ചയായ മനുഷ്യനെയായിരുന്നു ഞാൻ അവിടെ കണ്ടത്. 'സ്വാതന്ത്ര്യത്തിന്റെ മാനിഫെസ്റ്റോ'എന്ന പുസ്തകത്തിന്റെ ഒരു കോപ്പി സ്വന്തം കൈയൊപ്പോടെ എനിക്ക് വച്ചുനീട്ടിയപ്പോൾ എന്നോട് പറഞ്ഞ വാക്കുകൾ 'എന്തുകൊണ്ടാണ് ഇത്രയും കാലം ഞാൻ നിങ്ങളെ പരിചയപ്പെടാതിരുന്നത്' എന്നായിരുന്നു. ഇതുകേട്ടപ്പോൾ ഒരു ലോകം തന്നെ കീഴടക്കിയ ഒരാഹ്‌ളാദമായിരുന്നു എനിക്ക്. തിരിച്ചുള്ള യാത്രയിലും ഞാൻ ഏറെ സംസാരിച്ചതും ചിന്തിച്ചതും അദ്ദേഹത്തെ കുറിച്ചായിരുന്നു. വീട്ടിൽ എത്തിയപ്പോൾ നേരം രാത്രിയായിരുന്നു. ദീർഘദൂരമുള്ള യാത്ര എന്നെ ഏറെ ക്ഷീണിതനാക്കിയെങ്കിലും മേശവലിപ്പിൽ നിന്നും ഡയറി എടുത്ത് 'ആ ഞായറാഴ്ച ജീവിതത്തിലെ അതിമനോഹരമായ ഒരു ദിവസം'എന്നെഴുതിയിട്ടേ ഉറങ്ങാൻ കിടന്നുള്ളൂ. കാരണം 'ആടുജീവിതം' എഴുതിയ എഴുത്തുകാരനെ ഹൃദയത്തോട് ചേർക്കാതെ ഒരു തിരിച്ചുപോക്ക് എനിക്കെന്നല്ല, ആർക്കും സാധ്യമല്ല.