tiger-woods

കളിയെക്കാൾ പ്രശസ്തരായ ചില കളിക്കാർ ഉണ്ട്. മുഹമ്മദ് അലി (ബോക്സിംഗ്), പെലെ (ഫുട്ബാൾ), ധ്യാൻഛന്ദ് (ഹോക്കി), ഡോൺ ബ്രാഡ്മാൻ (ക്രിക്കറ്റ്) തുടങ്ങിയ സ്പോർട്‌സ് ഇതിഹാസങ്ങൾ അവരെ വലുതാക്കിയ കളികളുടെ പ്രചാരകരായി എന്നു പറയാം. ഇന്ന് ഈ കളികളെക്കുറിച്ചു കേൾക്കുമ്പോൾ ആദ്യം മനസിൽ നിറയുക ഇവരുടെ മുഖങ്ങളാണ്. ഫുട്ബാൾ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസിൽ ഓടിയെത്തുക ഫുട്ബാൾ സ്റ്റേഡിയമോ ഫുട്ബാൾ തന്നെയോ ആയിരിക്കുമോ? അതോ, പെലെയുടെയോ മറഡോണയുടെയോ ഒക്കെ ആക്ഷൻ ചിത്രങ്ങളാകുമോ? രണ്ടാമത്തേതിനല്ലേ സാധ്യത.


ഇനി തീർത്തും പുതിയ തലമുറയിലെത്തിയാലോ? യുവമനസിൽ പെലെയ്ക്കും മറഡോണയ്ക്കും പകരം ലയണൽ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ആകും ചിലപ്പോൾ കടന്നുവരിക.പല സ്പോർട്‌സ് ഇതിഹാസങ്ങളും അവരുടെ കളിയെക്കാൾ പ്രശസ്തരാണെന്നു പറയുമ്പോൾ അവർ കളിയേക്കാൾ വലിയവരാണെന്നു പറയുന്നില്ല. എന്നാൽ ടൈഗർ വുഡ്‌സിനെക്കുറിച്ചുള്ള വിശേഷണം അതല്ല. ''ലോകത്തിൽ സ്പോർട്‌സിനെക്കാൾ വലിയവനായി ഒറ്റ അത്ലറ്റേയുള്ളൂ. അത് ടൈഗർ വുഡ്‌സാണ്.' ' ഇന്ത്യയുടെ മികച്ച പ്രഫഷണൻ ഗോൾഫ് താരങ്ങളിൽ ഒരാളായ ജീവ് മിൽഖാ സിംഗാണ് ഈയിടെ ഈ അഭിപ്രായ പ്രകടനം നടത്തിയത്. മിൽഖാ സിംഗിന്റെ പുത്രനാണ് മുൻപ് ചിരൻജീവ് ആയിരുന്ന ജീവ്.''ബാസ്‌ക്കറ്റ് ബോളിലും അത്ലറ്റിക്സിലുമൊക്കെ ഇതിഹാസങ്ങൾ കാണാം. പക്ഷേ, ഗോൾഫിനു വേണ്ടി ടൈഗർ ചെയ്തതു കാണുമ്പോൾ അദ്ദേഹം ഗോൾഫിനേക്കാൾ വലിയതാണ് എന്നു പറയണം. എന്നെ സംബന്ധിച്ചിടത്തോളം, ഈ തലത്തിൽ ലോകത്തിൽ മറ്റൊരു കായികതാരമില്ല.''ജീവ് മിൽഖാ സിംഗ് പറഞ്ഞു. ഈയിടെ ടൈഗർ വുഡ്‌സ് 80ാം പി.ജി.എ. ടൂർ കിരീടം നേടിയിരുന്നു. അഞ്ചു വർഷത്തിനിടയ്ക്ക് ടൈഗറിന്റെ ഏക പി.ജി.എ ടൂർ വിജയം. പരിക്കും കുടുംബ പ്രശ്നങ്ങളുമൊക്കെ തളർത്തി ഏറെ പിന്നാക്കം പോയ ടൈഗറിന്റെ തിരിച്ചുവരവായിരുന്നു അത്. 2006 ൽ ജപ്പാൻ ഗോൾഫ് കിരീടം ജീവ് നിലനിർത്തിയപ്പോൾ ''വലിയ മനുഷ്യനും നല്ല സൃഹൃത്തും'' എന്ന് ടൈഗർ പറഞ്ഞിരുന്നു. ദൃഢമായൊരു സുഹൃദ്ബന്ധം അവർക്കിടയിലുണ്ട്. ''ടൈഗർ വുഡ്‌സിലൂടെ ഗോൾഫിനു കിട്ടിയ പ്രചാരം പോലൊന്ന് മറ്റൊരു കളിക്കാരനിലൂടെയും ലോകത്തിൽ ഒരു കളിക്കും ലഭിച്ചിട്ടില്ല.'' ജീവ് പറയുന്നു. മറ്റു കളികളെക്കുറിച്ച് ജീവന് എന്തറിയാം എന്നു ചോദിക്കരുത്. നേരത്തെ ചണ്ഡീഗഡിൽ മിൽഖാഹൗസിൽ മിൽഖാസിംഗിനെ കാണാൻ പോയപ്പോൾ ജീവിനോട് ഏറെ നേരം സംസാരിച്ചിരുന്നു ഞാൻ. കായികരംഗത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് ജീവ്. ലാൻസ് ആംസ്ട്രോംഗ് ഉത്തേജകത്തിൽ കുടുങ്ങിയിട്ട് ടൂർ ഡി ഫ്രാൻസിന് ഒന്നും സംഭവിച്ചില്ല. ആയർട്ടൻ സെന്ന മത്സരത്തിനിടെ അപകടത്തിൽ മരിച്ചിട്ടും മൈക്കൽ ഷുമാക്കർ വിടവാങ്ങിയിട്ടും (സ്‌കീയിംഗിനിടയിൽ വീണു പരുക്കേറ്റ് ഏതാനും വർഷമായി അർധബോധാവസ്ഥയിൽ) എഫ് വൺ റാലിയുടെ ഗ്ലാമൻ ചോർന്നില്ല. ട്രാക്ക് ആൻഡ് ഫീൽഡിൽ ജെസി ഓവൻസിന്റെയും കാൾ ലൂയിസിന്റെയും വിടവാങ്ങൽ സൃഷ്ടിച്ച വിടവ് താൽക്കാലികമായിരുന്നു. ഒടുവിൽ ഉസൈൻ ബോൾട്ട് സ്പൈക്ക്‌സ് അഴിച്ചപ്പോൾ സംഭവിച്ച നഷ്ടവും വൈകാതെ നികത്തപ്പെടും. പക്ഷേ ഗോൾഫിന്റെ സ്ഥിതിയതല്ല. വുഡ്‌സ് സജീവമല്ലായിരുന്ന അഞ്ചു വർഷത്തോളം ഗോൾഫിന്റെ ഗ്ലാമർ ചോർന്നു. ഇപ്പോൾ ഡസ്റ്റിൻ ജോൺസണെ പിൻതള്ളി ബ്രൂക്ക്‌സ് കൊയേപ്ക ലോകത്തിലെ ഒന്നാം നമ്പർ ഗോൾഫ് താരമായി. 95 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള സി.ജെ. കപ്പ് വിജയിക്കുകയും നാലു മേജർ ടൂർണമെന്റുകളിൽ രണ്ടും ഈ വർഷം നേടുകയും ചെയ്ത ബ്രൂക്സ് യു.എസ്.ടൂർ പ്ലെയർ ഒഫ് ദ് ഇയറുമായി. പക്ഷേ, ലോകം ശ്രദ്ധിച്ചത് വുഡ്‌സിന്റെ തിരിച്ചുവരവാണ്.ഗോൾഫിലെ ഏക്കാലത്തെയും മികച്ച കളിക്കാരൻ എന്ന ലേബൽ വുഡ്‌സിന് ഇനിയും ചാർത്തപ്പെട്ടിട്ടില്ല. കാരണം ജാക്ക് നിക്ക്ളോസിന്റെ 18 മേജർ വിജയങ്ങളുടെ റെക്കോഡ് (ആറു മാസ്റ്റേഴ്‌സ്, നാലു യു.എസ് ഓപ്പൺ, മൂന്നു ബ്രിട്ടീഷ് ഓപ്പൺ, അഞ്ച് പി.ജി.എ കിരീടങ്ങൾ) അചഞ്ചലമായി നിൽക്കുന്നു. 46 വയസുവരെ ജൈത്രയാത്ര തുടർന്ന നിക്ക്ളോസ് 2005 ജൂലൈയിൽ 65ാം വയസിൽ ബ്രിട്ടീഷ് ഓപ്പൺ ചാംപ്യൻഷിപ്പോടെയാണു രംഗം വിട്ടത്. 30 തികയും മുമ്പ് ഏഴു മേജർ ജയിച്ച നിക്ക്ളോസിന്റെ റെക്കോഡുകൾക്കു പിന്നാലെയായിരുന്നു ടൈഗർ വുഡ്‌സിന്റെ യാത്രയത്രയും.


''ഗോൾഫ് പാരമ്പര്യത്തിൽ എന്റെ സ്ഥാനത്തെക്കുറിച്ച് ഞാൻ ആശങ്കപ്പെട്ടില്ല. എന്റെ കുടുംബം, എന്റെ കുട്ടികൾ, എന്റെ പേരക്കുട്ടികൾ അവരുടെ ഇടയിൽ പാരമ്പര്യത്തിന്റേതായി ഓർക്കാൻ ഞാൻ നൽകിയ സംഭാവനയാണ് എനിക്കു വലുത്.'' വിടവാങ്ങിയപ്പോൾ ജാക്ക് നിക്ക്ളോസ് പറഞ്ഞു.ഗോൾഫിലെ രാജാവെന്ന പേര് പക്ഷേ, അർനോൾഡ് പാമെർക്കാണ്. വെളുത്തവർ കൊടികുത്തിവാണ, ഇന്നും വാഴുന്ന ഗോൾഫ് കോഴ്‌സിലേക്കാണ് ടൈഗർ വുഡ്‌സ് എന്ന കറുത്ത താരം കടന്നു ചെന്നത്. നിക്ക്ളോസിന്റെ 18 മേജർ കിരീടങ്ങളുടെ റെക്കോഡ് അകലെയെങ്കിലും സാം സ്നീഡിന്റെ 82 ടൂർ കിരീടജയങ്ങളുടെ റെക്കോഡ് വുഡ്‌സിന്റെ ദൃഷ്ടിപഥത്തിൽ എത്തിക്കഴിഞ്ഞു.ഗോൾഫിലെ യൗവനക്കാലമായ മുപ്പതുകളിൽ നിൽക്കുമ്പോൾ വുഡ്‌സ് പറഞ്ഞു. ''റെക്കോഡുകളൊക്കെ വലിയ കാര്യമാണ്. ഒരു ദിവസം കൊണ്ട് നേടാനാവില്ല. അടുത്ത വർഷം സാധ്യമാകുന്നതുമല്ല. ഇതുവരെയെത്താൻ പത്തുവർഷമെടുത്തു. ഇനി എനിക്ക് 1020 വർഷം കളിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ, അഥവാ അങ്ങനെ ആഗ്രഹിക്കുന്നു.''


2006 ഓഗസ്റ്റിൽ യു.എസ്. ഓപ്പണിൽ 'കട്ട് 'നേടാതെ, അഥവാ പകുതിവഴി പിന്നിടാതെ എൽഡ്രിക് ടൈഗർ വുഡ്‌സ് പുറത്തായി. അടുത്ത മാസം ബ്രിട്ടീഷ് ഓപ്പണിൽ കിരീടം നിലനിർത്തി. പിതാവ് ഏൾ വുഡ്‌സ് അർബുദത്തിനു കീഴടങ്ങിയശേഷം നടന്ന ആദ്യ മത്സരമായിരുന്നു യു.എസ് ഓപ്പൺ. പ്രൊഫഷണൽ കളിക്കാരനായ ശേഷം വുഡ്‌സ് 'കട്ട് ' നേടാതെ പുറത്തായ ആദ്യ ടൂർണമെന്റും.അന്ന് അടക്കിവച്ച ദുഃഖമത്രയും പുറത്തുവന്നത് ബ്രിട്ടീഷ് ഓപ്പൺ ജയിച്ചപ്പോഴാണ്. ഗോൾഫിൽ തന്റെ വഴികാട്ടിയായ പിതാവിന്റെ മരണം സൂപ്പർതാരത്തെ ഏറെ തളർത്തിയിരുന്നു. വിജയം ഉറപ്പിച്ച് വായുവിൽ മുഷ്ടിചുരട്ടിയൊരു പഞ്ച്. പിന്നെ, വിതുമ്പി. തന്റെ 'കാഡി' സ്റ്റീവ് വില്യംസിന്റെ തോളിൽ മുഖമമർത്തി കൊച്ചുകുട്ടിയെപ്പോലെ ടൈഗർ കരഞ്ഞു.''കടുവയും കരയും, അമാനുഷർക്കും വികാരങ്ങൾ ഉണ്ട്...'' എന്ന് ബ്രിട്ടീഷ് പത്രങ്ങൾ ടൈഗറിനെക്കുറിച്ച് എഴുതി.ടൈഗറിന്റെ പിതാവ് ഏൾ വുഡ്സോ മാതാവ് കുൽറ്റിഡയോ പൂർണമായി കറുത്ത വർഗക്കാരല്ല. അമേരിക്കക്കാരനുമല്ല. ഏളിനെക്കുറിച്ച് ഇങ്ങനെ പറയാം. പകുതി കറുത്തവംശം. കാൽഭാഗം അമേരിക്കൻ ഇന്ത്യൻ, കാൽഭാഗം ചൈനീസ്. കുൽറ്റിഡ പകുതി തായ് വംശജയാണ്. കാൽഭാഗം വീതം ചൈനക്കാരിയും വെള്ളക്കാരിയും. 2008 ൽ 14 മേജർ കിരീടജയങ്ങൾ പൂർത്തിയാക്കിയ ടൈഗർ വുഡ്‌സ് വീണ്ടും മേജർ ജയം നേടുമെന്നു വിശ്വസിക്കാം. 1975 ഡിസംബർ 30നു ജനിച്ച ടൈഗറിന് ഇനിയും വർഷങ്ങൾ ബാക്കിയുണ്ട്.2009 അവസാനം പരസ്ത്രീബന്ധം ആരോപിച്ച്, സ്വീഡൻകാരിയായ ഭാര്യ എലിൻ നോർദിഗ്രെൻ പിണങ്ങി, 2010ൽ വിവാഹമോചനവും നേടി. വുഡ്‌സ് പിന്നീട് ഒളിംപിക് സ്‌കീയിങ് ചാംപ്യൻ ലിൻഡ്സെ വോണുമായി പ്രണയത്തിലായി. പക്ഷേ, ഗോൾഫുമായുള്ള പ്രണയം പൂർവസ്ഥിതിയിലാകാൻ വീണ്ടും വർഷങ്ങൾ വേണ്ടിവന്നു. 2013ലാണ് ഒന്നാം നമ്പർ സ്ഥാനം വീണ്ടും നേടിയത്. ഇപ്പോൾ ഏറെ പിന്നിൽ.പ്രൊഫഷണൽ ടൂറിനിടയ്ക്ക് വുഡ്‌സ് സഹതാരങ്ങളുമായി അടുത്തിടപഴകാറില്ല. തന്റേതുമാത്രമായൊരു സൃഹൃദ് വലയത്തിലാണ് അദ്ദേഹം എപ്പോഴും. ഇത്തരം സുഹൃത്തുക്കളുടെ ഒരു കൂട്ടം ടൂറിൽ ഒപ്പമുണ്ടാകും. പക്ഷേ, കായികലോകം ഒരിക്കലും വുഡ്‌സിനോട് അകലം പാലിച്ചില്ല.ജീവ് മിൽഖാസിംഗിന്റെ വാക്കുകൾക്ക് അല്പം കൂടി വിശാല അർഥം നൽകാം. ഗോൾഫ് അറിയാത്തവർക്കും ടൈഗർ വുഡ്‌സിനെ അറിയാം. ബ്രിട്ട്‌നി സ്പിയേഴ്‌സ് കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും പ്രശസ്തനായ താരം. അഥവാ പുരുഷന്മാരിൽ ഒന്നാമൻ. ബ്രിട്ടീഷ് ടാബ്ളോയിഡ് നടത്തിയ അഭിപ്രായ സർവേയിൽ കണ്ടെത്തിയതാണ്. ചൈനയിൽ നടന്നൊരു പ്രദർശനമത്സരത്തിൽ ടൈഗറിന്റെ ആരാധകരെ നിയന്ത്രിക്കാൻ 400 സുരക്ഷാ ഭടന്മാർ മതിയായില്ല. മൂന്നു ഹോളുകൾ കഴിഞ്ഞപ്പോൾ കാണികളെ നിയന്ത്രിക്കാനാവാതെ ടൈഗറിന് ക്ലബ് ഹൗസിലേക്കു മടങ്ങേണ്ടിവന്നു.ടൈഗർ വുഡ്‌സിന്റെ കഥ വ്യത്യസ്തമാണ്.


പരുക്കും വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളുമാണ് അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് കടിഞ്ഞാൺ ആയത്. ഒരിക്കലും ടൈഗറിന്റെ പ്രതിഭ ഗോൾഫ് സങ്കൽപങ്ങൾക്കും നിയമങ്ങൾക്കും അപ്പുറം വളർന്നുമില്ല. പക്ഷേ, ഫോമിലല്ലാത്തപ്പോഴും ടൈഗർ വുഡ്‌സ് ഗോൾഫ് എന്ന വിനോദത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നു. അത് ഗോൾഫ് കോഴ്‌സിലെ സാന്നിധ്യമോ അസാന്നിധ്യമോ കൊണ്ടാണ്. ടൈഗറിലെ കളിക്കാരനെയും മനുഷ്യനെയും ലോകം കണ്ടുകഴിഞ്ഞു. നാളെ കായികലോകം ജീവിന്റെ വാക്കുകൾ അടിവരയിട്ടും. ''സ്പോർട്‌സിനെക്കാൾ വലിയൊരു കളിക്കാരൻ.'' അതേ, ടൈഗർ വുഡ്‌സ് മാത്രം.