-devan

നായകന്റെ കിടിലൻ വരവിൽ വില്ലൻമാർ ചതഞ്ഞുവീഴുന്ന കാലത്താണ് തെന്നിന്ത്യൻ സിനിമയിലേക്ക് ഒരു സുന്ദരവില്ലൻ കടന്നുവന്നത്. നായകനാരാണ്, വില്ലനാരാണ് എന്ന് പ്രേക്ഷകർ സംശയിച്ച കാലം. ദേവൻ എന്ന നടന്റെ ഉദയം അവിടെവച്ചായിരുന്നു. ദേവൻ സംസാരിക്കുന്നു, സിനിമയിലെ അറിയാക്കഥകൾ.


''തികച്ചും സന്തോഷവാനാണ്. അഭിനയിക്കാൻ യാതൊരു താത്പര്യവുമില്ലായിരുന്ന ഞാൻ ഇത്രയും വലിയ നിലയിൽ എത്തിയില്ലേ. എത്രയോ സിനിമകളിൽ നായകനായി അഭിനയിച്ചു. രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി , ജയറാം,സൂര്യ, വിജയ്, അജിത്, നാഗാർജുന തുടങ്ങിയ നടന്മാരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്റെ ആകാരമികവും സൗന്ദര്യവും കാരണം മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ എന്നെ വില്ലനാക്കാൻ ഭയപ്പെട്ടു. ദ കിംഗ്, ഇന്ദ്രപ്രസ്ഥം, ന്യൂഡൽഹി, നായർസാബ്, മഹാത്മ, വിയറ്റ്നാം കോളനി തുടങ്ങിയ ചിത്രങ്ങളിൽ നായകനോടൊപ്പം തന്നെ എന്റെ പ്രതിനായക വേഷവും അംഗീകരിക്കപ്പെട്ടു. എന്തുകൊണ്ടെന്നറിയില്ല, പിന്നീട് മലയാളത്തിലെ ചില സൂപ്പർസ്റ്റാറുകൾ എന്നെ അവരുടെ ചിത്രങ്ങളിൽ നിന്ന് തഴഞ്ഞു. നായകനേക്കാൾ ശ്രദ്ധ വില്ലനുപോകുമോ എന്നവർ ഭയപ്പെട്ടു. നായകനായും സഹനടനായും ഒക്കെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 1987 ൽ ഇറങ്ങിയ ന്യൂഡൽഹിയും തൊട്ടടുത്ത വർഷം റിലീസ് ചെയ്ത ആരണ്യകവും കരിയർ ബ്രേക്കായി. പിന്നീടു തെന്നിന്ത്യൻ സിനിമാലോകത്ത് എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിൽ ലഭിച്ചതിനെക്കാളും മികച്ച വേഷങ്ങൾ എനിക്ക് അന്യഭാഷകളിൽ ലഭിച്ചു. ''


മനസിലുണ്ടായിരുന്നില്ല സിനിമ
സത്യത്തിൽ സിനിമ എന്റെ ചിന്തയിലേ ഉണ്ടായിരുന്നില്ല. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പട്ടാളക്കാരനാകുകയായിരുന്നു ലക്ഷ്യം. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജിൽ ചേരാനുള്ള ശ്രമം തുടങ്ങി. ചെന്നൈയിൽ റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥനായ മേജർ രത്‌നാചലം ഒരു ആർമി കോച്ചിംഗ് സെന്റർ നടത്തുന്നുണ്ടായിരുന്നു. പതിന്നാലു ദിവസം നീണ്ടു നിന്ന കോച്ചിംഗ് ക്യാമ്പിൽ ഞാനായിരുന്നു ഒന്നാമത്. ആ ആത്മവിശ്വാസത്തോടെ ഞാൻ ബാംഗ്ലൂരിലെ ഷോർട്ട്‌സർവീസ് കമ്മിഷന്റെ റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാൻ പോയി. നിർഭാഗ്യവശാൽ എനിക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ല. മാനസികമായി ഞാൻ ആകെ തകർന്നു. വേദനയോടെ വീണ്ടും ഞാൻ ചെന്നൈയിലെ രത്‌നാചലത്തിന്റെ അടുത്ത് ചെന്നു. അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ പൊട്ടിക്കരഞ്ഞു. ഞാൻ കരയുന്നതു കണ്ടു അദ്ദേഹം പൊട്ടിച്ചിരിച്ചു. അദ്ദേഹം പറഞ്ഞു, നീ ഇനി വെറുതേ പട്ടാളത്തിന് വേണ്ടി ശ്രമിക്കേണ്ട. കാരണം നിങ്ങൾ പട്ടാളക്കാരനാവാൻ സർവഥാ യോഗ്യനാണ്. പക്ഷേ വിധി മറ്റാരോ ആവാനാണ്. പിന്നീട് സ്പിക് എന്ന പെട്രോളിയം കമ്പനിയിൽ എനിക്ക് ജോലി കിട്ടി. അന്ന് ചെന്നൈയിൽ എനിക്ക് നല്ലൊരു സുഹൃദ് വലയം ഉണ്ടായിരുന്നു. എഴുത്തുകാരും കലാകാരന്മാരും ഒക്കെ അടങ്ങുന്ന സംഘം. അന്ന് എന്റെ കൂടെ താമസിച്ചിരുന്നത് എഴുത്തുകാരനായ വിക്ടർ ലീനസാണ്. മലയാളത്തിലും ഇംഗ്ലീഷിലും പാണ്ഡിത്യം ഉണ്ടായിരുന്ന അയാൾ ഒരു ദിവസം എനിക്കൊരു പുസ്തകം തന്നു. എൻ.എൻ. പിഷാരടി എഴുതിയ 'വെള്ളം' എന്ന നോവൽ. ആ നോവൽ വായിച്ചു ശരിക്കും ഞാൻ ത്രില്ലടിച്ചു. കേരളത്തിലെ ഫ്യൂഡലിസത്തിന്റെ തകർച്ചയും തൊഴിലാളി വർഗപ്രസ്ഥാനത്തിന്റെ വളർച്ചയും ഒക്കെ പറയുന്ന ഒരു ബൃഹത്തായ നോവലായിരുന്നു അത്. എനിക്ക് ആ നോവൽ സിനിമ ആക്കണമെന്ന് തോന്നി. അങ്ങനെ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഞാൻ പടം പിടിക്കാനിറങ്ങി. സംവിധാനം ചെയ്യാനായിരുന്നു തീരുമാനം. സംവിധാനം പഠിച്ചിട്ട് ചെയ്യേണ്ട പണിയാണെന്ന് സുഹൃത്തുക്കൾ ഉപദേശിച്ചു. തുടർന്ന് ഞാൻ അന്നത്തെ സൂപ്പർ ഡയറക്ടർ ഹരിഹരനെ ചെന്ന് കണ്ടു. തിരക്കഥ എഴുതാൻ സാക്ഷാൽ എം.ടി വാസുദേവൻ നായരെയും തീരുമാനിച്ചു. ആദ്യം അദ്ദേഹം തിരക്കഥ എഴുതാൻ വലിയ താത്പര്യം പ്രകടിപ്പിച്ചില്ല. മറ്റൊരാൾ എഴുതിയ കഥയിൽ അതിനു മുൻപോ ശേഷമോ അദ്ദേഹം തിരക്കഥ എഴുതിയിട്ടില്ല. പിന്നീട് അദ്ദേഹം നോവൽ വായിച്ച് ഇഷ്ടപ്പെട്ടതുകൊണ്ട് എഴുതാൻ സമ്മതം മൂളുകയായിരുന്നു. മലയാളസിനിമ അന്നുവരെ കാണാത്ത അത്യാധുനിക സാങ്കേതിക വിദ്യയിലാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ നിർമ്മാണഘട്ടത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് ഞാൻ കടന്നുപോയത്. ഇടയ്ക്ക് വച്ച് പണം തീർന്നു. പിന്നീട് എനിക്കൊരു നിർമ്മാണ പങ്കാളിയെ കണ്ടുപിടിക്കേണ്ടി വന്നു.


മികച്ച മുഖ്യമന്ത്രിയാണ് കേരളത്തിൽ
മുഖ്യമന്ത്രി പിണറായി വിജയൻ എന്തെല്ലാം നല്ല കാര്യങ്ങൾ കേരളത്തിൽ ചെയ്യുന്നുണ്ട്. പക്ഷേ മാദ്ധ്യമങ്ങൾ അതൊന്നും ജനശ്രദ്ധയിൽ കൊണ്ടുവരുന്നില്ല. പൊലീസ് വിഷയത്തിൽ അല്ലാതെ മറ്റൊരു വിഷയത്തിലും ഈ സർക്കാർ പിന്നോട്ട് പോയിട്ടില്ല. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണ് പിണറായി വിജയൻ എന്ന കാര്യത്തിൽ സംശയമില്ല. മാദ്ധ്യമങ്ങളുടെ ഇടപെടൽ പലപ്പോഴും അനാവശ്യമാണ്. കേരളത്തിൽ അല്ലാതെ മറ്റൊരു സംസ്ഥാനത്തും മാദ്ധ്യമങ്ങൾ ഇത്ര അധികം സ്വാതന്ത്ര്യം എടുക്കുന്നത് കാണാനാകില്ല. കടക്ക് പുറത്ത് എന്ന് പിണറായി പറഞ്ഞതിൽ ഒരിക്കലും തെറ്റ് പറയാൻ കഴിയില്ല.മോദി ക്രൂരനല്ല ഒരുപാട് ആരാധനയുള്ള നേതാവാണ് അദ്ദേഹം. അദ്ദേഹത്തെ ക്രൂരനായി ചിത്രീകരിക്കുന്നത് ഇവിടുത്തെ മാദ്ധ്യമങ്ങളാണ്. നരേന്ദ്ര മോദിയിൽ നിങ്ങൾ കാണുന്ന അപാകതകൾ എന്തൊക്കെയാണെന്ന് ഞാൻ ഒരുപാടു പത്രക്കാരോട് ചോദിച്ചിട്ടുണ്ട്. ഒരു മാദ്ധ്യമ പ്രവർത്തകനു പോലും അതിനു കൃത്യമായ മറുപടി തരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മറ്റ് ഹൈന്ദവപ്രസ്ഥാനങ്ങളും തീവ്രഹിന്ദു ഗ്രൂപ്പുകളുമാണ് ഈ രാജ്യത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.