sabarimala

സന്നിധാനം: ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല നടതുറക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ കടുത്ത നിയന്ത്രണങ്ങളുമായി പൊലീസ്. ഇന്ന് മാദ്ധ്യമപ്രവർത്തകർക്ക് പമ്പയിലേക്കോ സന്നിധാനത്തെക്കോ പ്രവേശനം അനുവദിക്കാൻ കഴിയില്ലെന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇളവുങ്കിലിൽ വച്ച് ഏതാനും മാദ്ധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. നാളെ മാത്രമെ പമ്പയിലോ സന്നിധാനത്തോ പ്രവേശിക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ് പൊലീസ്. ഒപ്പം ദർശനത്തിന് സ്ത്രീകൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. 50 വയസ് കഴിഞ്ഞ സി.ഐ, എസ്.ഐ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥരെയാകും നിയമിക്കുക.

ഇവരെല്ലാം ശനിയാഴ്ച വൈകിട്ട് തന്നെ നിലയ്‌ക്കലിൽ എത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇന്ന് വൈകുന്നേരത്തോടെ വനിതാ പൊലീസിനെ സന്നിധാനത്ത് വിന്യസിക്കാനാണ് തീരുമാനം. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഭക്തരെ സന്നിധാനത്ത് പ്രവേശിപ്പിക്കുക. ഒരു ദിവസത്തേക്കാണ് നട തുറക്കുന്നതെങ്കിലും ഏത് തരത്തിലുള്ള പ്രശ്‌നങ്ങളേയും നേരിടാനുള്ള സജ്ജീകരണത്തിലാണ് പോലീസ്.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പുറമേ മലയിലേക്ക് യാത്രാവിലക്കുമുണ്ട്. തിരിച്ചറിയൽ രേഖയില്ലാത്ത ആർക്കും പമ്പ, നിലയ്ക്കൽ ചെക്ക്‌പോസ്റ്റുകൾ കടക്കാനാവില്ല. യുവതീ പ്രവേശനത്തെ എതിർക്കുന്നവർ ശക്തമായി പ്രതിഷേധിക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്.മല ചവിട്ടാനെത്തുന്നവർ നിലയ്ക്കൽ മുതൽ പൊലീസ് നിരീക്ഷണത്തിലായിരിക്കും. ചെക്ക്‌പോസ്റ്റുകളിൽ എല്ലാ വാഹനങ്ങളും പരിശോധിക്കും. എ.ഡി.ജി.പിമാരായ എസ്.ആനന്ദകൃഷ്ണൻ, അനിൽകാന്ത് എന്നിവരുടെ നേതൃത്വത്തിൽ 2,300 പൊലീസുകാരെ ഇന്നുച്ചയോടെ വിന്യസിക്കും. നൂറിലേറെ വനിതാ പൊലീസുമുണ്ട്. 500 പേരെ കരുതലായി നിലയ്‌ക്കലിൽ സൂക്ഷിക്കും.


പമ്പ മുതൽ സന്നിധാനം വരെ കാനനപാത പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. കമാൻഡോകളടക്കം സായുധ സംഘം ഇവർക്കൊപ്പമുണ്ടാകും. ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇന്നുമുതൽ അവിടെ ക്യാമ്പ് ചെയ്യും. മുഖം തിരിച്ചറിയാൻ കാമറകൾ ഉപയോഗിച്ച് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ശബരിമല നട നാളെ തുറക്കും

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട നാളെ വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് നട തുറന്ന് ശ്രീകോവിലിൽ വിളക്ക് തെളിക്കും. മറ്റു പൂജകൾ ഉണ്ടാകില്ല. ആട്ട ചിത്തിരയായ ചൊവ്വാഴ്‌ച രാവിലെ 5ന് നിർമ്മാല്യവും അഭിഷേകവും നടക്കും. അത്താഴ പൂജയ്‌ക്ക് ശേഷം പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. തുടർന്ന് മണ്ഡല പൂജയ്‌ക്കായി നവംബർ 16 ന് വൈകിട്ട് നട തുറക്കും.