കോട്ടയം: ശബരിമലയിൽ മാദ്ധ്യമ വിലക്കേർപ്പെടുത്തിയ സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. ഒരു പാർട്ടിയുടെ ആശയങ്ങളും നയങ്ങളും അടിച്ചേൽപ്പിക്കുകയല്ല ചെയ്യേണ്ടതെന്നും, ഇത്തരത്തിൽ മുന്നോട്ടു പോവുകയാണെങ്കിൽ സർക്കാർ വലിയ വില നൽകേണ്ടി വരുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ പിണറായി സർക്കാർ ഒത്തുകളിയാണ് നടത്തുന്നത്. സർക്കാരിന്റെ രഹസ്യ അജണ്ടകൾ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമല.പൊതു പ്രവർത്തകരും ഭരണസംവിധാനങ്ങളും എപ്പോഴും വിമർശനങ്ങൾക്ക് വിധേയരായിരിക്കണം. തെറ്റും ശരിയും തിരിച്ചറിയാനുള്ള അവസരം ജനങ്ങൾക്കുണ്ടാകണം. അതിന് മാദ്ധ്യമങ്ങളുടെ സാന്നിധ്യവും ഇടപെടലും വളരെ പ്രാധാന്യമർഹിക്കുന്നതാണ്.
ശബരിമല ഒരു പൊതുസ്ഥലമാണ്. ലക്ഷക്കണക്കിന് ആളുകൾ വരുന്ന സ്ഥലം. അവിടെ മാദ്ധ്യമങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.