sabarimala-security

ശബരിമല: ശബരിമല ഒരിക്കൽ കൂടി യുദ്ധസമാന സാഹചര്യത്തിലേക്ക്. പൂങ്കാവനത്തിൽ സായുധ പൊലീസിനെ വിന്യസിച്ചു. വനപാതകളിൽ കർശന വാഹന പരിശോധന. വടശേരിക്കര മുതൽ സന്നിധാനം വരെ ഇന്നലെ 1200 പൊലീസുകാർ ലാത്തിയുമായി നിലയുറപ്പിച്ചു. ചിത്തിര ആട്ടവിശേഷത്തിന് നാളെ നട തുറക്കമ്പോൾ തുലാമാസ പൂജ സമയത്തേക്കാൾ കനത്ത പൊലീസ് സന്നാഹമാണ് ശബരിമലയിലുളളത്.

എല്ലാ വാഹനങ്ങളും നിലയ്ക്കലിന് ഒരു കിലോമീറ്റർ മുൻപ് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയാണ്. മാദ്ധ്യമങ്ങൾക്കും പ്രവേശനമില്ല. നാളെ രാവിലെ എട്ടിനു ശേഷമേ ഭക്തരെയും മാധ്യമങ്ങളെയും കടത്തി വിടൂ. പൊലീസ് വിന്യാസവും നിലയ്ക്കലിലെ ഒരുക്കങ്ങളും റിപ്പോർട്ടു ചെയ്യാനെത്തിയ മാദ്ധ്യമങ്ങളെ കടത്തിവിട്ടില്ല. പ്രദേശവാസികളെയും നിലയ്ക്കലിലും പമ്പയിലും വിവിധ ജോലികൾക്കു പോകുന്നവരെയും ഉദ്യോഗസ്ഥരെയും ഉദ്ദേശ്യം ചോദിച്ചു മാത്രമാണ് കടത്തിവിടുന്നത്. തൊഴിലാളികളെ തിരിച്ചറിയൽ കാർഡ് ചോദിച്ച് വിശദമായ പരിശോധനയ്ക്കു വിധേയമാക്കുന്നു. ചരക്കു വാഹനങ്ങൾ രേഖകൾ സഹിതം പരിശോധിക്കുന്നു.