ന്യൂഡൽഹി : അയോദ്ധ്യ രാമ ക്ഷേത്ര നിർമ്മാണം വൈകുന്നത് ഹിന്ദു സമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി റാം മാധവ്. രാമക്ഷേത്ര നിർമ്മാണത്തിനായി 1992ലേത് പോലുള്ള പ്രക്ഷോഭത്തിന് മടിക്കില്ലെന്ന ആർ.എസ്.എസിന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ബി.ജെ.പിയും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സംഘ്, സന്യാസി സംഘടനകളിൽ നിന്ന് ആവശ്യം ശക്തമായി ഉയരുന്നുണ്ടെന്നും റാം മാധവ് വ്യക്തമാക്കി.ക്ഷേത്രനിർമ്മാണത്തിന് ഓഡിനൻസ് ഇറക്കണമെന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് അതേക്കുറിച്ച് മറുപടി നൽകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ നടന്ന ത്രിദിന ആർ.എസ്.എസ് ദേശീയ എക്സിക്യൂട്ടീവിന്റെ പരിസമാപ്തി സമ്മേളനത്തിലാണ് ക്ഷേത്ര നിർമ്മാണത്തിനായി കടുത്ത നടപടികൾ സ്വീകരിക്കാനും തയ്യാറാണെന്ന് ആർ.എസ്.എസ് സർകാര്യവാഹ് ഭയ്യാജി ജോഷി സൂചിപ്പിച്ചത്. കേസ് ജനുവരിയിൽ പരിഗണിക്കുമെന്ന സുപ്രീംകോടതിയുടെ തീരുമാനം ഹിന്ദു വികാരത്തെ മതിക്കാത്തതാണെന്നും എല്ലാ വഴികളും അടഞ്ഞാൽ ഓഡിനൻസ് പുറത്തിറക്കുക മാത്രമാണ് വഴിയെന്നും ഭയ്യാജി ജോഷി പറഞ്ഞു.
2010ലെ അലഹബാദ് ഹൈക്കോടതി വിധി പ്രകാരം അയോദ്ധ്യയിലെ തർക്ക ഭൂമി കക്ഷികളായ സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നിവർക്ക് വീതിക്കാൻ പറഞ്ഞിരുന്നു. ഇതിനെതിരെ 14 ഹർജികളാണ് സുപ്രീം കോടതിയിലെത്തിയത്.