കൊച്ചി: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് നടൻ ദേവൻ. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ദേവൻ പിണറായിയെ പ്രശംസിച്ചത്. 'പിണറായി വിജയൻ എന്തെല്ലാം നല്ല കാര്യങ്ങൾ കേരളത്തിൽ ചെയ്യുന്നുണ്ട്. പക്ഷേ മാദ്ധ്യമങ്ങൾ അതൊന്നും ജനശ്രദ്ധയിൽ കൊണ്ടുവരുന്നില്ല. പൊലീസ് വിഷയത്തിൽ അല്ലാതെ മറ്റൊരു വിഷയത്തിലും ഈ സർക്കാർ പിന്നോട്ട് പോയിട്ടില്ല.കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണ് പിണറായി വിജയൻ എന്ന കാര്യത്തിൽ സംശയമില്ല' -ദേവൻ പറഞ്ഞു.
മാദ്ധ്യങ്ങൾക്കെതിരെ കടുത്ത വിമർശമാണ് ദേവൻ ഉന്നയിച്ചത്. 'മാദ്ധ്യമങ്ങളുടെ ഇടപെടൽ പലപ്പോഴും അനാവശ്യമാണ്. കേരളത്തിൽ അല്ലാതെ മറ്റൊരു സംസ്ഥാനത്തും മാദ്ധ്യമങ്ങൾ ഇത്ര അധികം സ്വാതന്ത്ര്യം എടുക്കുന്നത് കാണാനാകില്ല. കടക്ക് പുറത്ത് എന്ന് പിണറായി പറഞ്ഞതിൽ ഒരിക്കലും തെറ്റ് പറയാൻ കഴിയില്ല' -ദേവൻ കൂട്ടിച്ചേർത്തു.
പിണറായിയെ പ്രശംസിച്ചതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് ഏറെ ആരാധനയാണെന്നും ദേവൻ വ്യക്തമാക്കി. 'മോദി ക്രൂരനല്ല ഒരുപാട് ആരാധനയുള്ള നേതാവാണ്. അദ്ദേഹത്തെ ക്രൂരനായി ചിത്രീകരിക്കുന്നത് ഇവിടുത്തെ മാദ്ധ്യമങ്ങളാണ്. നരേന്ദ്ര മോദിയിൽ നിങ്ങൾ കാണുന്ന അപാകതകൾ എന്തൊക്കെയാണെന്ന് ഞാൻ ഒരുപാടു പത്രക്കാരോട് ചോദിച്ചിട്ടുണ്ട്. ഒരു മാദ്ധ്യമ പ്രവർത്തകനു പോലും അതിനു കൃത്യമായ മറുപടി തരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മറ്റ് ഹൈന്ദവപ്രസ്ഥാനങ്ങളും തീവ്രഹിന്ദു ഗ്രൂപ്പുകളുമാണ് ഈ രാജ്യത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്' -ദേവൻ പറഞ്ഞു.