arms

ഗുവാഹട്ടി : ആയുധങ്ങളുമായി അയൽ ജില്ലയിലേക്ക് സഞ്ചരിക്കുകയായിരുന്ന നാഗാ തീവ്രവാദികളെ ഗ്രാമീണർ പിടികൂടി മർദ്ദിച്ചു. അസമിലെ കച്ചർ ജില്ലയിലെ ഹരിഗനർ എന്ന ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് തീവ്രവാദികളാണ് ഇവിടെ എത്തിയിരുന്നത്. ഏറെക്കാലമായി ഹരിഗനർ ഗ്രാമത്തിൽ തീവ്രവാദികൾ തമ്പടിക്കുന്നത് പതിവാക്കിയിരുന്നു. അയൽ ജില്ലയിലേക്ക് സുരക്ഷിതമായി കടക്കുന്നതിനായിരുന്നു നാഗാ തീവ്രവാദികൾ ഈ ഗ്രാമത്തെ ഉപയോഗപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം നാല് തീവ്രവാദികളാണ് ഇവിടെ എത്തിയത്. പ്രതിഷേധിച്ച ഗ്രാമീണരെ ആയുധം കാണിച്ച് ഭയപ്പെടുത്തി രക്ഷപ്പെടാൻ തീവ്രവാദികൾ ശ്രമിച്ചെങ്കിലും കൂട്ടമായെത്തിയ ഗ്രാമീണർ ഇവരെ മർദ്ദിക്കുകയായിരുന്നു. ഇതിനിടെ രണ്ട് തീവ്രവാദികൾ പ്രതിരോധിക്കാനാവാതെ രക്ഷപ്പെടുകയും, ബാക്കി രണ്ട് പേരെ പൊലീസ് എത്തി കസ്റ്റഡിയിലെയിലെടുത്ത് ആശുപത്രിയിലാക്കുകയുമായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് പൊലീസ് അറിയിച്ച വിവരം. തീവ്രവാദികളുടെ പക്കൽ നിന്നും എ.കെ 56 അടക്കമുള്ള നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.