loknath-behra

പത്തനംതിട്ട:ചിത്തിര ആട്ടവിശേഷത്തോട് അനുബന്ധിച്ച് ശബരിമല നടതുറക്കുമ്പോൾ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായാൽ ഉടൻ മാദ്ധ്യമങ്ങളെ കടത്തിവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ മാദ്ധ്യമങ്ങളെ പ്രതിഷേധക്കാർ ആക്രമിച്ചത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. മാദ്ധ്യമങ്ങളുടെയും തീർത്ഥാടകരുടെയും സുരക്ഷ കണക്കിലെടുക്കേണ്ടതുണ്ട്. മാദ്ധ്യമ സ്വാതന്ത്ര്യത്തെ പൊലീസ് ഒരിക്കലും തടയില്ല. ഇന്ന് വൈകുന്നേരത്തോടെ ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിൽ പ്രവേശിക്കുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് ഇതുവരെ സ്ത്രീകളാരും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സി.നാരായണൻ പറഞ്ഞു. ശബരിമലയിൽ ഭക്തർക്ക് വേണ്ട എല്ലാ സുരക്ഷയും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. അതിനിടെ, തുലാമാസ പൂജയ്‌ക്കിടെ ശബരിമലയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ സംഘർഷങ്ങളിൽ 3731പേരെ പിടികൂടിയിട്ടുണ്ട്. ഇവരിൽ പലർക്കുമെതിരെ ഗുരുതര കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, ശബരിമലയിൽ സ്ത്രീകളെ മുൻനിറുത്തി സംഘർഷമുണ്ടാക്കാൻ ചില സംഘടനകൾ ശ്രമിച്ചേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് വൻ പൊലീസ് സുരക്ഷയൊരുക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിനെതുടർന്ന് ഇലവുങ്കലിൽ വച്ച് തന്നെ തീർത്ഥാടകരെ ബാരിക്കേഡ് വച്ച് പൊലീസ് തടയുകയാണ്. നേരത്തെ നിലയ്‌ക്കൽ വരെ തീർത്ഥാടകരെ കയറ്റി വിടുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സന്നിധാനത്തേക്ക് നാളെ മാത്രമേ പ്രവേശനം അനുവദിക്കൂ.