yogi-adithyanath

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിൽ 151 മീറ്റ‍ർ ഉയരത്തിലുള്ള ശ്രീരാമ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സമാജ് വാദി പാർട്ടി നേതാവ് അസം ഖാൻ രംഗത്ത്. സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയേക്കാൾ ഉയരത്തിലാകണം ശ്രീരാമ പ്രതിമ പണിയേണ്ടതെന്ന് അസം ഖാൻ പറഞ്ഞു. സരയൂ നദീതീരത്താണ് ശ്രീരാമന്റെ പ്രതിമ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. യോഗി ആദിത്യനാഥ് ദീപാവലി ആഘോഷങ്ങ‍ൾക്കായി അയോദ്ധ്യയിലെത്തുമ്പോഴാണ് പ്രഖ്യാപനം ഉണ്ടാകുക.

സർദാർ പട്ടേലിന്റേതിന് സമാനമായ ശ്രീരാമ പ്രതിമ സ്ഥാപിക്കണമെന്ന് അയോദ്ധ്യയിലെ സന്യാസിമാരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ''പട്ടേലിന്റെ പ്രതിമ നിർമ്മിക്കുന്നതിന് മുൻപ് എന്തുകൊണ്ട് ഇതിനെ കുറിച്ച് ആലോചിച്ചില്ല ഖാൻ ചോദിച്ചു. എന്നിരുന്നാലും പട്ടേൽ പ്രതിമയേക്കാളും ഉയരത്തിലായിരിക്കണം ശ്രീരാമ പ്രതിമ'' എന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും അദ്ദേഹം പറ‌ഞ്ഞു.

സരയൂ നദിക്കരയിൽ നിന്ന് 36 മീറ്റ‌‌ർ മാറിയാകും പ്രതിമ സ്ഥാപിക്കുക.151 മീറ്റ‌‌‌ർ ഉയരം വരുന്ന പ്രതിമയ്ക്ക് 330 കോടിരൂപ ചെലവ് വരും. കൂടാതെ അയോദ്ധ്യ പുനർ നിർമ്മാണത്തിനായി 300 കോടിയുടെ പദ്ധതികളും സർക്കാരിന്റെ പരിഗണയിലുണ്ടെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് മഹേന്ദ്രനാഥ് പാണ്ഡെ മുൻപ് അഭിപ്രായപ്പെട്ടിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതിക്ക് ശേഷമായിരിക്കും പദ്ധതികൾ തുടങ്ങുക. ശ്രീരാമ പ്രതിമ കൂടാതെ രാമകഥാ ഗ്യാലറി,​ മ്യൂസിയം എന്നിവയും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. 'നവ്യ അയോദ്ധ്യ' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രതിമ നിർമ്മാണം നടത്തുക. സംസ്ഥാനത്തെ തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് ശ്രീരാമ പ്രതിമ നിർമ്മിക്കുന്നത്. ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഗവർണർക്ക് സമ‌ർപ്പിച്ചു കഴിഞ്ഞു.