ആലപ്പുഴ: കാർത്ത്യായിനി മുത്തശ്ശി ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. സംസ്ഥാന സാക്ഷരതാ മിഷന്റെ പരീക്ഷയിൽ ഒന്നാംറാങ്ക് വാങ്ങിയ താനിന്ന് ഒരു കൊച്ചു 'സൂപ്പർ സ്‌റ്റാറാ'ണെന്ന് ഈ മുത്തശ്ശിക്ക് നന്നായി അറിയാം. പരീക്ഷയിൽ നൂറിൽ 98 മാർക്കായിരുന്നു കാർത്ത്യായനി മുത്തശ്ശി നേടിയത്. 96 വയസിലെ ആ മികവിനെ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാര പത്രം നൽകിയാണ് ആദരിച്ചത്.
എന്നാൽ പരീക്ഷയുടെ ഫലം വരുന്നതിന് മുമ്പ് തന്നെ മുത്തശ്ശിയെ പ്രശസ്‌തയാക്കിയത് പത്രമാദ്ധ്യമങ്ങളിലടക്കം വന്ന ഒരു ചിത്രമായിരുന്നു. ഉത്തരങ്ങൾ പടപടേയെന്ന് കാച്ചുന്ന അമ്മൂമ്മയുടെ പരീക്ഷ പേപ്പർ എത്തിനോക്കുന്ന ഒരു മുത്തശ്ശൻ'- ഇതായിരുന്നു വൈറലായ ആ ചിത്രം. എന്നാൽ അടുത്തിരുന്ന് കോപ്പിയടിച്ചത് മുത്തശ്ശനൊന്നുമല്ല തന്റെ മരുമകനാണെന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ കാർത്ത്യായനി മുത്തശ്ശി.
'അപ്പൂപ്പനോ, അവൻ അപ്പൂപ്പനൊന്നുമല്ല. എന്റെ മരുമകനാ.. പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് കാർത്യായനിയമ്മ പറഞ്ഞപ്പോൾ' -ചുറ്റും കൂടിയിരുന്നവർക്കും ചിരിയടക്കാൻ കഴിഞ്ഞില്ല. കാർത്ത്യായനിയമ്മയുടെ സഹോദരിപുത്രിയുടെ ഭർത്താവ് രാമചന്ദ്രനാണ് നമ്മുടെ നായകൻ. നൂറിൽ 88 മാർക്കാണ് ഹരിപ്പാട് സ്വദേശിയായ രാമചന്ദ്രന് ലഭിച്ചത്. പഠനത്തോടുള്ള ഇഷ്‌ടമാണ് ഇവരുവരെയും ക്ളാസ്‌മേറ്റ്‌സാക്കിയത്.
ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചെങ്കിലും അതുകൊണ്ടൊന്നും പഠിത്തം നിറുത്താൻ കാർത്ത്യായനിയമ്മ തയ്യാറല്ല. പത്ത് ജയിക്കണം, പിന്നെ കമ്പ്യൂട്ടർ പഠിക്കണം' തന്റെ അടുത്ത ലക്ഷ്യം ഈ മുത്തശ്ശി വ്യക്തമാക്കി കഴിഞ്ഞു.