മുഖസൗന്ദര്യത്തിൽ പ്രധാന പങ്കുണ്ട് പല്ലുകൾക്ക്. ഭംഗിയും ആരോഗ്യവും ഉള്ള പല്ലുകൾ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. പലപ്പോഴും അശ്രദ്ധ പല്ലുകൾക്ക് ദോഷകരമാകാറുണ്ട്
പ്രഭാതകൃത്യങ്ങൾക്ക് ശേഷം പല്ലുകൾ തേയ്‌ക്കുക. മൃദുവായ നാരുകളുള്ള ബ്രഷ് തിരഞ്ഞെടുക്കുക. പല്ലുകൾ അമർത്തി തേയ്ക്കരുത്. ലംബമായി (vertical) പല്ല് തേയ്ക്കുന്നത് തേയ്മാനം തടയും. പണ്ട് കാലത്ത് കരിങ്ങാലി, നീർമരുത്, പേരാൽ, ഉങ്ങ് എന്നീ വൃക്ഷങ്ങളുടെ കനം കുറഞ്ഞ കമ്പുകൾ അറ്റം ചതച്ച് മൃദുവാക്കി പല്ല് തേയ്ക്കാൻ ഉപയോഗിച്ചിരുന്നു. ഇത് ആരോഗ്യകരമാണ്. രണ്ട് മാസത്തിൽ ഒരിക്കലെങ്കിലും ബ്രഷ് മാറ്റണം. അല്ലാത്തപക്ഷം ബ്രഷിലെ നാരുകൾ കഠിനമാവുകയും ഇനാമലിന് കേട് വരുത്തുകയും ചെയ്യും.
ദിവസം രണ്ടുനേരം പല്ല് തേയ്‌ക്കുന്നത് പല്ലുകൾക്കിടയിൽ അടിയുന്ന ആവരണവും ഭക്ഷണാവശിഷ്ടവും രോഗാണുക്കളെയും നീക്കം ചെയ്യാൻ സഹായിക്കും. ബ്രഷ് ടോയ്‌ലറ്റിൽ സൂക്ഷിക്കരുത്. ഫ്ളഷ് ചെയ്യുമ്പോൾ വായുവിൽ പരക്കുന്ന അണുക്കൾ ബ്രഷിൽ പറ്റിപിടിക്കാൻ സാധ്യതയുണ്ട്. ഭക്ഷണത്തിന് ശേഷം നാരുകളടങ്ങിയ പഴങ്ങൾ കഴിക്കുന്നത് പല്ലുകൾക്കിടയിൽ ഭക്ഷണാവശിഷ്ടം അടിയുന്നത് തടയും. വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് കൂടുതൽ ഉമിനീർ ഉത്പാദിപ്പിക്കുകയും പല്ലിലെ കറകൾ നീക്കുകയും ചെയ്യും.
നിറമുള്ളതും തണുത്തതുമായ ദ്രാവകങ്ങൾ കുടിക്കാൻ സ്ട്രോ ഉപയോഗിക്കുക. ദ്രാവകം പല്ലുകളിൽ സ്പർശിക്കാതെ നേരിട്ട് അന്നനാളത്തിലേക്ക് എത്തും.
സാധാരണ ടൂത്ത് പേസ്റ്റുകളോ പാൽപ്പൊടിയോ ഉമിക്കരിയോ പല്ല് തേയ്ക്കാനായി ഉപയോഗിക്കാം. ചവർപ്പ്, കയ്പ്പ്, എരിവ് രസമുള്ള പാൽപ്പൊടി/ പേസ്റ്റ് എന്നിവയാണ് പല്ലുകൾക്ക് ഗുണം. സെൻസിറ്റിവിറ്റി കുറയ്ക്കുന്ന പേസ്റ്റുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. വിരലുകൾ ഉപയോഗിച്ച് പല്ല് തേയ്ക്കുന്നത് പല്ലിന്റെ ബലത്തിനും മോണയുടെ ഉറപ്പിനും നല്ലതാണ്.
ചൂടുള്ള ആഹാരം കഴിച്ചയുടനെ തണുത്ത വെള്ളത്തിൽ വായ കഴുകിയാൽ പല്ലുകൾ പൊട്ടിപോകാനിടയുണ്ട്. പല്ല് തേച്ചതിന് ശേഷം വളരെ മൃദുവായി നാവ് വടിക്കണം. ഭക്ഷണശേഷം നാവ് വടിക്കാൻ പാടില്ല. ദന്തസംരക്ഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ പല്ലുകളിൽ ദ്വാരം , പല്ലുകളിൽ മഞ്ഞനിറം, മോണവേദന, മോണവീക്കം മുതലായ രോഗങ്ങൾ ഉണ്ടാകുന്നു. പല്ലിൽ കറ അടിയുന്നത് പലപ്പോഴും തുടക്കത്തിൽ അതറിയില്ല. പല ഭാഗങ്ങളിലേക്ക് മഞ്ഞനിറം വ്യാപിച്ച് പല്ലുകൾ പൊട്ടുമ്പോഴാണ് ശ്രദ്ധയിൽ പെടുന്നത്. അതുകൊണ്ട് ദന്തസംരക്ഷണത്തിൽ ശ്രദ്ധ പുലർത്തുക.