
ന്യൂനപക്ഷ ഫിനാൻഷ്യൽ കോർപ്പറേഷന്റെ ജനറൽ മാനേജരായി മന്ത്രി കെ.ടി.ജലീൽ അടുത്ത ബന്ധുവിനെ നിയമിച്ചതിൽ പച്ചയായ സ്വജനപക്ഷപാതം ഉണ്ടെന്ന് ആരോപിച്ച് അഡ്വ. ഹരീഷ് വാസുദേവൻ രംഗത്ത്. ബന്ധുവിനെ നിയമിക്കാനായി ജലീൽ ജോലിയുടെ യോഗ്യതയിൽ മാറ്റം വരുത്തിയെന്നും ഇന്റർവ്യൂന് വരാത്ത ബന്ധുവിനെ വീട്ടിൽ പോയി നിർബന്ധിച്ചു കൊണ്ടുവന്നു ജനറൽ മാനേജർ ആക്കിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ആരോപിക്കുന്നു. ബന്ധുനിയമന വിവാദം ഉണ്ടായപ്പോൾ ഫേസ്ബുക്കിൽ ന്യായീകരണവുമായി മന്ത്രി നൽകിയ മറുപടി സംശയത്തിന്റെ ആഴം വർദ്ധിപ്പിക്കുകയാണ്. മുൻപ് ഇ.പി.ജയരാജൻ സമാനമായ ആരോപണം നേരിട്ടപ്പോൾ രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ മൗനം പാലിക്കുകയാണെന്നും ഹരീഷ് വാസുദേവൻ ആരോപിക്കുന്നു. ബന്ധുവിനെ നിയമിക്കുന്നതിന് മുൻപേ ഉയർന്ന ആരോപണം നേരിട്ട ജയരാജൻ രാജി സമർപ്പിച്ചിരുന്നു എന്നാൽ മന്ത്രി ജലീലിന്റെ ബന്ധുവിന്റെ നിയമനം നടന്നുകഴിഞ്ഞെന്നും കുറേക്കൂടി ശക്തമായ തെളിവുകളോടുകൂടി ആരോപണം നിലനിൽക്കുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് തെറ്റാണ്. അഴിമതിരഹിത ഭരണം എന്ന മുദ്രാവാക്യത്തിൽ അൽപ്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഈ കേസ് വിജിലൻസ് അന്വേഷിക്കണമെന്നും അഡ്വ.ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
KT ജലീലിന്റെ ബന്ധു നിയമനം.
"മന്ത്രി KT ജലീൽ അടുത്ത ബന്ധുവിനെ ന്യൂനപക്ഷ ഫിനാൻഷ്യൽ കോർപ്പറേഷന്റെ ജനറൽ മാനേജരായി നിയമിച്ചു. എല്ലാ ഫിനാൻഷ്യൽ കോർപ്പറേഷനിലും ജനറൽ മാനേജരാകാനുള്ള യോഗ്യത MBA ആണ്. ബന്ധുവിനെ നിയമിക്കാനായി ഇവിടെ ജലീൽ യോഗ്യതയിൽ മാറ്റം വരുത്തി. BTech + PGDBA എന്ന, മാനേജുമെന്റുമായി ഒരു ബന്ധവുമില്ലാത്ത യോഗ്യത കുത്തിക്കയറ്റി. ആ യോഗ്യതയാണ് ബന്ധുവിനുള്ളത്. 7 പേർ അപേക്ഷിച്ചു. 3 പേര് ഇന്റർവ്യൂവിനു ഹാജരായി. മന്ത്രിബന്ധു അദീപ് ഒരു സ്വകാര്യബാങ്കിൽ മാനേജരാണ്. ഇന്റർവ്യൂനു പോലും വരാത്ത മന്ത്രിബന്ധുവിനെ സർക്കാർ വീട്ടിൽ പോയി നിർബന്ധിച്ചു കൊണ്ടുവന്നു ജനറൽ മാനേജർ ആക്കിയത്രെ ! യോഗ്യതയുള്ളവരെ തഴഞ്ഞു. പച്ചയായ സ്വജനപക്ഷപാതം." ഇതാണ് യൂത്ത്‌ലീഗ് നേതാവ് PK Firos ഉന്നയിച്ച ആരോപണം. യുക്തിസഹമായ തെളിവുകൾ അതിലുണ്ട്.
ആരോപണം ഉണ്ടായപ്പോൾ മന്ത്രി ശ്രീ.ജലീൽ ഫേസ്‌ബുക്കിൽ മറുപടി പറഞ്ഞു. ആ മറുപടി വായിക്കുന്ന ആർക്കും മന്ത്രിയെ സംശയം തോന്നും. ഈ നിയമനത്തിൽ കള്ളക്കളി മണക്കും. കേരള സബോർഡിനെറ്റ് സർവ്വീസ് ചട്ടം 9B അനുസരിച്ചുള്ള ഡപ്യുട്ടേഷൻ ആണെന്ന് മന്ത്രി പറയുന്നു. ഞാൻ ചട്ടം വായിച്ചുനോക്കി. പൊതുതാല്പര്യത്തിൽ സർക്കാരിന് ആവശ്യമെങ്കിൽ സർക്കാർ സർവ്വീസിലോ സ്റ്റാറ്റ്യുട്ടറി സ്ഥാപനത്തിലോ ഉള്ള ആളെ വകുപ്പ് മാറി നിയമിക്കുന്നതിനു മാത്രമേ സർക്കാരിന് അധികാരമുള്ളൂ. അതും PSC യോട് ചർച്ച ചെയ്തു മാത്രം. മന്ത്രി ബന്ധു സ്വകാര്യ ബാങ്കിലെ ജീവനക്കാരൻ ആണ്. Deputation വ്യവസ്ഥയോ ചട്ടം 9B യോ നടപ്പില്ല. ഇതിൽ പൊതുതാല്പര്യമില്ല. ഇന്റർവ്യൂവിൽ പങ്കെടുത്തവരെ എന്തിനു തഴഞ്ഞു? എന്തുകൊണ്ട് MBA കാരനായ ഒരാളെ വെച്ചില്ല? മറുപടിയില്ല. ബന്ധുവിനെ നിയമവിരുദ്ധമായി നിയമിച്ചത് ന്യായീകരിക്കാൻ ശ്രീ.ജലീൽ കള്ളം പറയുകയാണ് എന്നു ആ പോസ്റ്റ് വായിക്കുന്ന, നിയമം അറിയാവുന്ന ആരും കരുതും. മറിച്ചു തെളിയിക്കാൻ മന്ത്രി ശ്രീ.ജലീലിന് ബാധ്യതയുണ്ട്. മന്ത്രി വിശദീകരിക്കുമെന്നു കരുതട്ടെ. ചാനലിൽ CPI(M) പ്രതിനിധിയുടെ വിശദീകരണം ദയനീയമായ നിലവാരത്തിലാണ്. ആരെയും എങ്ങനെയും നിയമിക്കാൻ സർക്കാരിന് അധികാരമുണ്ട് എന്നൊക്കെയാണ് ധാർഷ്ട്യം. അതങ്ങ് പാർട്ടി ഓഫീസിൽ പറഞ്ഞാൽ മതി. തോന്ന്യവാസം ചെയ്യാനുള്ള ഒരു അധികാരവും കേരളം LDF മന്ത്രിസഭയ്ക്ക് നൽകിയിട്ടില്ല. കള്ളത്തരം പിടിക്കപ്പെട്ടപ്പോൾ "എന്നാൽ കോടതിയിൽ പോകൂ" എന്നായി. അഴിമതി നിരോധന നിയമപ്രകാരം മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണം പോലും നടത്താൻ മുഖ്യമന്ത്രിയുടെ അനുമതി വേണം !! ബന്ധുനിയമനത്തിൽ ആരോപണം നേരിട്ടപ്പോൾ EP ജയരാജന്റെ രാജി ആവശ്യപ്പെട്ട ആളാണ് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ. അന്ന് നിയമനം നടന്നില്ല, ഇവിടെ നിയമനം നടന്നു. തന്റെ വിശ്വസ്തനായ KT ജലീൽ കുറേക്കൂടി തെളിവുകളോടുകൂടി അതേ ആരോപണം നേരിടുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് തെറ്റാണ്. അഴിമതിരഹിത ഭരണം എന്ന മുദ്രാവാക്യത്തിൽ അൽപ്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഈ കേസ് വിജിലൻസ് അന്വേഷിക്കണം.