sabarimala

1. ചിത്തിരയാട്ട വിശേഷത്തിനായി ശബരിമല നട നാളെ തുറക്കാനിരിക്കെ സന്നിധാനത്ത് സംഘർഷ സാധ്യതയെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. സ്ത്രീകളെ അണിനിരത്തി ആർ.എസ്.എസും ബി.ജെ.പിയും പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കും എന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നിലയ്ക്കൽ മുതൽ സുരക്ഷ ശക്തമാക്കാൻ പൊലീസ് തീരുമാനം. ആവശ്യമെങ്കിൽ വനിതാ പൊലീസിനെ സന്നിധാനത്ത് നിയോഗിക്കാനും തീരുമാനം ആയതായി വിവരം.


2. പ്രതിഷേധക്കാരായ വനിതകൾ സന്നിധാനത്ത് എത്തിയാൽ തടയുന്നതിന് ആയാണ് വനിതാ പൊലീസിനെ നിയമിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ 50 വയസ് കഴിഞ്ഞ 32 വനിത പൊലീസ് ഉദ്യോഗസ്ഥരോട് തയാറായി നിൽക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ശബരിമല ദർശനത്തിനായി യുവതികൾ ആരും സുരക്ഷ ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്.പി. നാളെ വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്.


3. സന്നിധാനം മുതൽ വടശേരിക്കര വരെയുള്ള പ്രദേശത്തെ 5 സുരക്ഷാ മേഖലകളായി തിരിച്ചാണ് പൊലീസിന്റെ മുന്നൊരുക്കം. ഭക്തർക്ക് സുഗമമായി ദർശനം നടത്താനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് എന്ന് കളക്ടർ പി.ബി നൂഹ്. വിശ്വാസികൾക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും പത്തനംതിട്ട കളക്ടർ. അതേസമയം,ശബരിമലയിൽ മാദ്ധ്യമ പ്രവർത്തകർക്ക് നിയന്ത്രണം ഇല്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര.


4. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധ സമരത്തിനു പിന്നാലെ പൊലീസിനെ വെല്ലുവിളിച്ചും പ്രകോപനങ്ങൾ സൃഷ്ടിച്ചും വീണ്ടും രാഹുൽ ഈശ്വർ. ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആണ് രാഹുൽ ഈശ്വർ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. അഞ്ചു ദിവസം പ്രതിരോധിക്കാൻ സാധിച്ചതു പോലെ ഒരു ദിവസം കൂടി കഴിഞ്ഞാൽ ചരിത്ര വിജയമാണ് നമ്മെ കാത്തിരിക്കുന്നത് എന്ന് രാഹുൽ.


5. സുപ്രീംകോടതിയിൽ നിന്നടക്കം അനുകൂലമായ തീരുമാനം ലഭിക്കും. ശബരിമല സന്നിധാനത്തേയ്ക്ക് പോകാനുള്ള വഴിയിലെത്തി എന്ന് പറഞ്ഞ് ആരംഭിക്കുന്ന വീഡിയോയിൽ പമ്പ പൊലീസ് സ്റ്റേഷൻ, പൊലീസ് വാഹനങ്ങൾ, ബാരിക്കേടുമായി എത്തിയ വാൻ എന്നിവയും പകർത്തിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിൽ എടുത്ത് വിവിധ വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും പോസ്റ്റുകളും പൊലീസ് നിരീക്ഷണത്തിലാണ്.


6. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി ഭരണത്തിന് എതിരെ യു.ഡി.എഫ് നാളെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. മൂന്ന് വർഷത്തിനിടെ ബി.ജെ.പി ഭരണത്തിനെതിരെ ഉയർന്നത് നിരവധി അഴിമതി ആരോപണങ്ങൾ. കേവല ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയിലാണ് മൂന്ന് വർഷം മുൻപ് പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി അധികാരത്തിൽ എത്തിയത്.


7. 52 അംഗ മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി 24, യു.ഡി.എഫ് 18, സി.പി.എം 9, വെൽഫയർ പാർട്ടി 1 എന്നിങ്ങനെയാണ് കക്ഷി നില. അവിശ്വാസം വിജയിക്കണമെങ്കിൽ 27 അംഗങ്ങളുടെ പിന്തുണ വേണം. തിരഞ്ഞെടുപ്പ് കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ യു.ഡി.എഫിലെ ഒരംഗത്തിന് വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ല. മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ വേണം എന്നതിനാൽ വെൽഫയർ പാർട്ടി അംഗത്തെ കൂടി ഒപ്പം നിറുത്തിയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.


8. നേരത്തെ അഞ്ച് സ്ഥിരം സമിതികളിലേക്ക് യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിൽ സി.പി.എം പിന്തുണയോടെ നാലിലും ബി.ജെ.പിക്ക് അധ്യക്ഷ സ്ഥാനം നഷ്ടമായിരുന്നു. സി.പി.എമ്മിന്റെ 9 അംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചാൽ മാത്രമേ അവിശ്വാസ പ്രമേയം പാസാകാനുള്ള 27 എന്ന സംഖ്യയിലെത്തൂ. സ്ഥിരം സമിതികളിലേക്കുള്ള അവിശ്വാസ പ്രമേയത്തിൽ സ്വീകരിച്ച അതേ നിലപാട് തന്നെ സി.പി.എം തുടർന്നാൽ കാലാവധി പൂർത്തിയാക്കാൻ കഴിയാതെ ബി.ജെ.പിക്ക് അധികാരത്തിൽ നിന്ന് പുറത്തു പോകേണ്ടി വരും.


9. രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിൽ നേതൃത്വത്തിന് എതിരെ കച്ചമുറുക്കി രാജ്യത്തെ തമിഴ് വംശജർ. മഹിന്ദ രജപക്‌സെയിൽ വിശ്വാസമില്ല എന്ന് പ്രഖ്യാപനം. പാർലമെന്റിൽ നടക്കുന്ന അവിശ്വാസ പ്രമേയത്തിൽ രജപക്‌സെയ്ക്ക് എതിരെ വോട്ട് ചെയ്യും. നിയമനം, ഭരണഘടനാ വിരുദ്ധവും അനധികൃതവും. രജപക്‌സെ അധികാരത്തിൽ എത്തുന്നത് തടയാൻ റനിൽ വിക്രമ സിംഗയെ പിന്തുണയ്ക്കും എന്നും ശ്രീലങ്കയിലെ തമിഴ് വംശജരുടെ സംഘടന. 225 അംഗ പാർലമെന്റിൽ 15 പേരാണ് തമിഴ് സംഘടനകളെ പ്രതിനിധീകരിക്കുന്നത്.