-bjp-leader-killed

ന്യൂഡൽഹി: രണ്ട് ബൈക്കുകളിലെത്തിയ അക്രമികൾ രാജസ്ഥാനിൽ ബി.ജെ.പി പ്രവർത്തകനെ വെടിവച്ച് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊന്നു. ഇന്ന് രാവിലെ റോ‌ഡരികിൽ നിൽക്കുകയായിരുന്ന സമ്രാന്ത് കുമാവാത്തിനെയാണ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ബൈക്കുകളിൽ എത്തിയ മൂന്നോ നാലോ പേർ ആദ്യം ഇയാളെ വെടിവച്ച് വീഴ്‌ത്തുകയും പിന്നീട് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിക്കൊല്ലുകയുമായിരുന്നു. തെക്കൻ കാശ്‌മീരിലെ പ്രതാപ്ഘട്ട് നഗരത്തിന് അടുത്തുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവം കണ്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും ഇയാളുടെ മരണം സംഭവിച്ചിരുന്നു.

അതേസമയം, ആക്രമികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകാർ ഇയാളുടെ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനിൽ ബി.ജെ.പി പ്രവർത്തകന്റെ മരണം ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എന്നാൽ അക്രമികളെ ഉടൻ തന്നെ പിടികൂടുമെന്നും ആരെയും വെറുതെ വിടില്ലെന്നും പൊലീസ് ഉറപ്പ് നൽകി. സമ്രാന്തിന് ആരുമായും വ്യക്തിപരമായി ശത്രുതയുണ്ടായിരുന്നില്ലെന്ന് ഇയാളുടെ കുടുംബവും പറയുന്നു. ദളിത് വിഭാഗക്കാരനായ സമ്രാന്ത് ബി.ജെ.പിയുടെ സജീവ പ്രവർത്തകനായിരുന്നു.

അതേസമയം, കൊലപാതകത്തിൽ നടുക്കം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് അശോഖ് ഗെലോട്ട് രംഗത്തെത്തി. സംഭവത്തിന് പിന്നിലുള്ളവരെ ഉടൻ തന്നെ പിടികൂടണം. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നിരിക്കുകയാണ്. ബി.ജെ.പി പ്രവർത്തകർക്ക് പോലും സംസ്ഥാനത്ത് രക്ഷയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.