bindu-thankam-kalyani

തുലാമാസത്തിലെ പൂജയ്ക്കായി ശബരിമലയിൽ നടതുറന്നപ്പോൾ കോഴിക്കോട് നിന്നും ശബരിമല ദർശനത്തിനെത്തിയ
ബിന്ദു തങ്കം കല്യാണി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. തന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ച് വാങ്ങി അതിലെ വിവരങ്ങൾ പ്രതിഷേധക്കാർക്കായി ചോർത്തി നൽകി എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ അവർ വെളിപ്പെടുത്തിയത്. നോമ്പെടുത്ത് മാലയിട്ട് ഇരുമുടിക്കെട്ടുമായിട്ടാണ് അയ്യപ്പനെ കാണാൻ പുറപ്പെട്ടത്. എരുമേലി സ്റ്റേഷനിൽ എത്തിയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്, അവിടെ നിന്നും പമ്പയിൽ കൺട്രോൾ റൂമിലെത്തിയാൽ അതിനുള്ള സൗകര്യം ചെയ്ത് തരാമെന്ന് പൊലീസ് സമ്മതിച്ചിരുന്നു. എന്നാൽ തനിക്ക് ഇരുമുടിക്കെട്ടില്ലെന്ന് പൊലീസ് കള്ളവാർത്ത പുറത്തേക്ക് നൽകിയെന്നും മുണ്ടക്കയം എസ്.ഐ തന്റെയും സുഹൃത്തുക്കളുടേയും ഫോൺ പിടിച്ച് വാങ്ങിയെന്നും ബിന്ദു തങ്കം കല്യാണി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. രാവിലെ പത്ത് മണിക്ക് പൊലീസ് പിടിച്ച് വാങ്ങിയ തന്റെ ഫോൺ വൈകിട്ട് മൂന്നു മണിക്ക് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്ന് കളഞ്ഞു കിട്ടിയത് എങ്ങനെയാണെന്നും അവർ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഫോൺ പിടിച്ചു വാങ്ങി
വ്യക്തി വിവരങ്ങൾ ചോർത്തി
പ്രതിഷേധക്കാർക്ക് നൽകി
എനിക്കെതിരെ കള്ളപ്രചരണങ്ങൾ നടത്തിയത് ആരാണ്??

ഞാൻ നോമ്പെടുത്ത്. മാലയിട്ട് ഇരുമുടിക്കെട്ടുമായി അയ്യപ്പനെ കാണാൻ പുറപ്പെട്ട ആളാണ്.. കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമായി പോകാൻ ഞാൻ എരുമേലി സ്റ്റേഷനിൽ സംരക്ഷണം ആവശ്യപ്പെട്ടതുമാണ്.. പമ്പയിൽ കൺട്രോൾ റൂമിലെത്തി അതിനുള്ള സൗകര്യം ചെയ്ത് തരാമെന്ന് അവർ സമ്മതിച്ചതുമാണ്.. ഇതിനിടയിൽ അതേ പോലീസ് തന്നെ എനിക്ക് ഇരുമുടിക്കെട്ടില്ല എന്ന കള്ള വാർത്ത കൊടുത്തത് എന്തിന്?? ഞാൻ മാവോയിസ്റ്റ് ആണെന്ന ആരോപണം എന്തടിസ്ഥാനത്തിലാണ് നടത്തിയത്?? ശബരിമല ദർശനത്തിന് ചെന്ന എന്റെയും സുഹൃത്തുക്കളുടേയും ഫോൺ മുണ്ടക്കയം എസ് ഐ പിടിച്ചു വാങ്ങി എന്തൊക്കെ വിവരങ്ങളാണ് മറ്റുള്ളവർക്ക് നൽകിയത്?? സ്റ്റേഷൻ എസ് ഐ രാവിലെ പത്തു മണിക്ക് വാങ്ങിക്കൊണ്ടുപോയ ഫോൺ വൈകിട്ട് മൂന്നു മണിക്ക് എങ്ങനെയാണ് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്ന് കളഞ്ഞു കിട്ടിയത്???