തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ തന്റെ ബന്ധുവിനെ നിയമിച്ചെന്ന ആരോപണങ്ങൾ തള്ളി മന്ത്രി കെ.ടി.ജലീൽ. ഇതു സംബന്ധിച്ച് യൂത്ത് ലീഗ് ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കിട്ടാക്കടങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് സർക്കാരിന് അടിയന്തിര നിയമനം ആവശ്യമായി വന്നത്. ഏല്ലാ പത്രങ്ങളിലും വിജ്ഞാപനത്തെകുറിച്ചുള്ള വാർത്തകൾ നൽകിയിരുന്നു. ആരോപണം ഉന്നയിക്കുന്നവർ ഏറ്റവും കുറഞ്ഞത് സ്വന്തം പാർട്ടി പത്രമെങ്കിലും വായിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കിട്ടാക്കടങ്ങൾ കൂടുതലായതിനാൽ ആർ.ബി.ഐ ലൈസൻസ് നൽകില്ല. ഈ സാഹചര്യത്തിലാണ് നിയമനം നടന്നത്. പത്രക്കുറിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഏഴ് അപേക്ഷകൾ ലഭിച്ചിരുന്നു. അഭിമുഖം നടത്തിയെങ്കിലും യോഗ്യരായവരെ കിട്ടിയില്ല. കൂടുതൽ പേർക്ക് അവസരം നൽകാനാണ് വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം മാറ്റിയത്. യൂത്ത് ലീഗ് നേതൃത്വത്തിന് കാര്യബോധം ഇല്ലാത്തതിനാലാണ് ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി ജലീൽ കൂട്ടിച്ചേർത്തു.
ബന്ധുവാണെന്ന പേരിൽ ആർക്കും ന്യായമായ അവസരം നിഷേധിക്കാനാവില്ല. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയുമൊക്കെ ബന്ധുക്കൾക്ക് ആനുകൂല്യം വേണ്ടെന്നാണോയെന്നും ജലീൽ ചോദിച്ചു. തന്റെ കൈകൾ ശുദ്ധമാണെന്ന് പൂർണ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഒരന്വേഷണത്തിന്റെയും ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.