ps-sreedaran-pillai

തിരുവനന്തപുരം: സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന 12 സി.പി.എം - കോൺഗ്രസ് നേതാക്കൾ നാളെ പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ ബി.ജെ.പിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. ഈ നേതാക്കൾക്ക് കഴിഞ്ഞ ദിവസം പാർട്ടി അംഗത്വം കൈമാറിയിട്ടുണ്ട്. നാളെ നടക്കുന്ന ചടങ്ങിൽ ഇവർ ഔദ്യോഗികമായി പാർട്ടിയിൽ ചേരും. എസ്.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വൻ പൊട്ടിത്തെറികൾ ഉണ്ടാകുമെന്നും അദ്ദേഹം കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

എല്ലാ വർഷവും അഞ്ച് കോടിയിലേറെ പേർ എത്തുന്ന ശബരിമല ക്ഷേത്രത്തെ തകർക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും ശ്രീധരൻപിള്ള ആരോപിച്ചു. കോടതി വിധിക്ക് പകരം പാർട്ടി കോൺഗ്രസിലെ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമമാണ് ശബരിമലയിൽ നടക്കുന്നത്. മതാചാരങ്ങൾ അനുഷ്ഠിക്കുകയോ മതാചാരങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് കോയമ്പത്തൂർ പാർട്ടി കോൺഗ്രസിലെ തെറ്റുതിരത്തൽ രേഖയിൽ പറയുന്നത്. ഈ തീരുമാനം പാർട്ടി പ്രവർത്തകർ തള്ളിക്കളഞ്ഞതിനെ തുടർന്നാണ് വളഞ്ഞ വഴിയിൽ ഇക്കാര്യം നടപ്പിലാക്കുന്നത്. നാണക്കേടേ നിന്റെ പേരോ സി.പി.എം എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ശ്രീധരൻപിള്ളയുടെ പ്രസ്താവന വെറും ദിവാസ്വപ്നമാണെന്നായിരുന്നു കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. കോൺഗ്രസ് പാർട്ടിയിൽ നിന്നും ആരും ബി.ജെ.പിയിലേക്ക് പോകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.ഇക്കാര്യത്തിൽ സി.പി.എം നേതാക്കളാരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.