തൃശൂർ: ശബരിമല വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിനെ പരോക്ഷമായി വിർമശിച്ച് കെ.പി.സി.സി ഉപാദ്ധ്യക്ഷൻ വി.ഡി.സതീശൻ എം.എൽ.എ രംഗത്തെത്തി. ആൾക്കൂട്ടത്തിന്റെ പുറകേ പോകുന്നത് കോൺഗ്രസിന്റെ സംസ്‌ക്കാരമല്ല. ശബരിമല വിഷയത്തിൽ കോൺഗ്രസ് ശക്തമായ നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതേതര പുരോഗമന ദേശീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആ ബോധ്യം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണമെന്നും അദ്ദേഹം തൃശൂരിൽ നടന്ന പരിപാടിയിൽ വ്യക്തമാക്കി.
പുരോഗമന വാദം ഉയർത്തുന്ന സി.പി.എം നിലപാട് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന് സൗകര്യമൊരുക്കുകയാണ് സി.പി.എമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതവും ജാതിയും പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാറിനെ സി.പി.എം സഹായിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ, വി.ടി.ബൽറാം എം.എൽ.എയും ശബരിമല വിഷയത്തിലെ കോൺഗ്രസ് നിലപാടിനെ പരസ്യമായി എതിർത്ത് രംഗത്തെത്തിയിരുന്നു. രാഹുൽ ഈശ്വറല്ല രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് നേതാവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ഇതിനെ രൂക്ഷമായ ഭാഷയിലാണ് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരിട്ടത്. വി.ടി.ബൽറാമിന്റെ നിലപാട് മര്യാദകേടാണെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തിൽ നിന്ന് വിശദീകരണം തേടുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് കോൺഗ്രസ് ദേശീയ നേതൃത്വവും സ്വീകരിച്ചിരുന്നത്.