കാഞ്ഞങ്ങാട്: ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സ്ത്രീകൾ തന്നെ തള്ളിക്കളയുകയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. അവിശ്വാസികൾക്കു വേണ്ടി സി.പി.എം അയ്യപ്പനെപ്പോലും വെല്ലുവിളിക്കുകയാണ്. സർക്കാരിന് ഇപ്പോൾ വിനാശകാലേ വിപരീത ബുദ്ധിയാണ്. കപട വിശ്വാസികളെ ശബരിമലയിൽ കയറ്റിയതുകൊണ്ട് ഈ സർക്കാറിന് എന്ത് നേട്ടമാണ് കിട്ടാനുള്ളത്. വിശ്വാസികളല്ലാത്തവരെ ശബരിമല കയറ്റാൻ 5000 പൊലീസിനെയും 1500 ഉദ്യോഗസ്ഥരെയുമാണ് ശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിയിൽ സ്ത്രീകൾ സന്തോഷിക്കേണ്ടവരാണെങ്കിൽ എന്തുകൊണ്ട് അവർ സമരത്തിന്റെ മുൻ നിരയിൽ അണിനിരക്കുന്നു.
ശബരിമലയിൽ കയറാൻ ശ്രമിക്കുന്നത് എത്തിസ്റ്റുകളാണ്. വിശ്വാസികളായവരാരും ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കാൻ തയ്യാറാവില്ലെന്നും സുധാകരൻ പറഞ്ഞു. ശാന്തവും സമാധാനവും നിലനിൽക്കുന്ന ശബരിമലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.