sasi-taroor

ബംഗലൂരു: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശശി തരൂർ എം.പി വീണ്ടും രംഗത്തെത്തി. ''പ്രയോഗിക്കാനറിയാത്ത വാളുമായി വെള്ളക്കുതിരപ്പുറത്തെത്തുന്ന ഹീറോയാണ് മോദി'' എന്നാണ് പുതിയ പരാമർശം. മോദി നയിക്കുന്നത് ഒറ്റയാൾ സർക്കാരാണ്, എല്ലാവരും അദ്ദേഹത്തിന്റെ താളത്തിനൊത്ത് തുള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഏത് ഫയലും പി.എം.ഒ യുടെ അനുവാദത്തോടെ മാത്രമേ അംഗീകരിക്കപ്പെടുന്നുള്ളു.

അടുത്ത പാർലമെന്ററി തിരെ‌ഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയാവില്ല പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് തരൂർ വ്യക്തമാക്കി. അടുത്ത തിരെ‌ഞ്ഞെടുപ്പിൽ ബി.ജെ.പിയെ ജനങ്ങ‍ൾ നിരാകരിക്കുമെന്നും അഭിപ്രായപ്പെട്ടു. നമുക്കുള്ളത് കീഴ്മേൽ മറിഞ്ഞ ഒരു ഭരണ സംവിധാനമാണ്. ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം തകർന്നിരിക്കുകയാണ്. അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണവും,​ പട്ടേൽ പ്രതിമയുമെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുന്നതിനാണെന്നും തരൂർ ആരോപിച്ചു. നിജസ്ഥിതി എന്തെന്നാൽ സാധാരണ ജനങ്ങൾ കഴിഞ്ഞ നാലര വർഷമായി മോദി സർക്കാരിന്റെ ഭരണത്തിൽ ബു‌ദ്ധിമുട്ടുകയാണ്. ഇത് മോദി സർക്കാരിന്റെ അജണ്ട വ്യക്തമാകുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സരയൂ നദീതീരത്ത് ശ്രീരാമ പ്രതിമയുടെ നിർമ്മാണം ഉടനുണ്ടാകുമെന്ന പ്രഖ്യാപനത്തെ തുടർന്നാണ് ശശി തരൂർ എം.പി പ്രതികരിച്ചത്.


'ശിവലിംഗത്തിനു മുകളിലിരിക്കുന്ന തേളാണ് മോദിയെന്ന് ഒരു ആർ.എസ്.എസ് നേതാവ് പറഞ്ഞിരുന്നു. തേളായത് കൊണ്ട് കൈകളുപയോഗിച്ച് എടുത്ത് മാറ്റാൻ കഴിയില്ല. അതേസമയം ശിവലിംഗത്തിന് മുകളിലായതിനാൽ ചെരുപ്പ് കൊണ്ട് അടിക്കാനും പറ്റില്ല' എന്ന് തരൂർ ബംഗലൂരിലെ സാഹിത്യമേളയിൽ പ്രസംഗിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഇതിനെതിരെ ബി.ജെ.പി ഡൽഹി ഘടകത്തിന്റെ ഉപാധ്യക്ഷൻ കൊടുത്ത കേസിൽ ഡൽഹി പൊലീസ് തരൂരിന്റെ പേരിൽ കേസെടുത്തിരിക്കുകയാണ്.