കൗമാരം ശരീരത്തിന് ഉത്സവകാലമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ശാരീരികമായും മാനസികമായും പരിവർത്തനങ്ങളുണ്ടാകുന്ന കാലം. തങ്ങൾക്ക് ചുറ്റുമുണ്ടായിരുന്ന കുമിളകൾ പൊട്ടിപ്പോയി നഗ്നനെന്ന പോലെ സമൂഹത്തിൽ നിൽക്കുന്നതായി കുട്ടികൾക്ക് തോന്നും കൗമാരത്തിൽ. അമിതമായ കൗതുകങ്ങൾ, ദേഷ്യം, ഊർജം എന്നിവ ശരീരത്തിലൂടെ പാഞ്ഞു നടക്കുന്ന കാലം കൂടിയാണിത്. കൗമാരക്കാരെ ചുറ്റിക്കുന്ന പ്രധാന ആശങ്കകളിലൊന്നാണ് സൗന്ദര്യ പ്രശ്നങ്ങൾ. പട്ടുപോലുള്ള മുഖത്തേക്ക് പൊട്ടിമുളച്ചെത്തുന്ന കുരുക്കളും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളുമെല്ലാം ഒട്ടൊന്നുമല്ല കൗമാരക്കാരെ വലയ്ക്കുന്നത്. അത്തരം കൗമാരപ്രശ്നങ്ങൾ അകറ്റാൻ ഇതാ ചില പൊടിക്കൈകൾ.
മുഖക്കുരുവിനെ ഓടിക്കാം
കൗമാരക്കാരുടെ പ്രധാന പ്രശ്നം മുഖക്കുരുവാണ്. ജീവനില്ലാത്ത ചർമ്മ കോശങ്ങളാണ് മുഖക്കുരുവിന്റെ പ്രധാന കാരണം. ഇത് മുഖത്തെ സ്വാഭാവിക സുഷിരങ്ങൾ അടക്കുകയും ചർമ്മത്തെ കേടു വരുത്തുകയും ചെയ്യും. മുഖക്കുരു കുത്തി പൊട്ടിക്കുന്നത് അവിടെ സ്ഥിരമായ പാട് ഉണ്ടാക്കും. ഇത് തടയാൻ സാലിസിലിക് ആസിഡ് അടങ്ങിയ ചർമ്മ സംരക്ഷണ ഉൽപ്പന്നമാണ് നല്ലത്. ഇവ ചർമ്മത്തിലെ ദോഷകരമായ ബാക്ടീരിയയെ നശിപ്പിക്കുകയും ജീവനില്ലാത്ത ചർമ്മ കോശത്തെ പുറം തള്ളുകയും ചെയുന്നു.
ഇവയൊക്കെ ശ്രദ്ധിക്കുക
ഇതൊന്നു പരീക്ഷിച്ചു നോക്കാം
മുഖത്തെ ബ്ലാക്ഹെഡ്സ് നീക്കം ചെയ്യുക
ബ്ലാക്ക്‌ഹെഡ്സും വൈറ്റ്‌ഹെഡ്സും സാധാരണയായി മൂക്കിന്റെ ചുറ്റിലും ചുണ്ടിനു താഴെയുമായിട്ടാണ് കാണാറുള്ളത്. സ്‌ക്രബിംഗ് അണ് ഇവ നീക്കം ചെയ്യാനുള്ള ഉത്തമ മാർഗം. ഏതെങ്കിലും ക്രീം, തേൻ,എണ്ണ തുടങ്ങിയവയിൽ ഒന്നെടുത്ത് അൽപ്പം പഞ്ചസാരയോ ഒപ്പോ ചേർത്ത് മുഖത്ത് മസാജ് ചെയ്യുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്.
മുഖം വൃത്തിയായി കഴുകുക
ശുദ്ധമായ വെള്ളത്തിൽ വീര്യം കുറഞ്ഞ സോപ്പ് അല്ലെങ്കിൽ ക്ലൻസർ ഉപയോഗിച്ച് ദിവസത്തിൽ രണ്ടോ മൂന്നോ തവണ മുഖം നല്ല വൃത്തിയായി കഴുകുക. ചർമ്മ സംരക്ഷണത്തിന് ഇത് നല്ലൊരു ഉപാധിയാണ്. മുഖത്തെ അഴുക്കും പൊടിപടലങ്ങളും നീക്കം ചെയ്യാൻ ഈ മാർഗം സഹായിക്കും. കൂടുതൽ വിയർക്കുന്നവർ എപ്പോഴും ഹാൻഡ്ബാഗിലോ പഴ്സിലോ നനഞ്ഞ ടിഷ്യൂ കരുതുന്നത് നല്ലതാണ്. ഏത് സമയവും ഇതുകൊണ്ട് മുഖം വൃത്തിയാക്കാൻ എളുപ്പമാണ്.
ടാൽകം പൗഡർ അധികം ഉപയോഗിക്കാതിരിക്കുക
പുറത്തെവിടെയെങ്കിലും പോകുമ്പോൾ കൂടുതൽ ആകർഷകത്വവും തിളക്കവും ലഭിക്കാൻ കൗമാരക്കാർ കൂടുതൽ ടാൽകം പൗഡർ ഉപയോഗിക്കാറുണ്ട്. ഇത് ചർമത്തിലെ സുഷിരങ്ങൾ അടയ്ക്കുകയും അനാരോഗ്യപരമായ ചർമ്മത്തിനു കാരണമാകുകയും ചെയ്യുന്നു.
മതിയായ വിശ്രമം
പഠനം, ഫ്രണ്ട്സ്, കായികം, വിനോദം, എന്നിങ്ങനെ പല മേഖലകളിലും നിങ്ങളുടെ കുട്ടികൾ ഏർപ്പെടുന്നുണ്ട്. ആരോഗ്യകരമായ ശരീരത്തിന് അതിനാവശ്യമായ വിശ്രമവും വേണം. ഉറക്കക്കുറവ് കണ്ണിനടിയിൽ കറുപ്പും മറ്റു പല ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു. കൗമാരം നിങ്ങളുടെ കുട്ടിയുടെ വളർച്ചയിൽ നിർണായക കാലഘട്ടമാണ്. കൗമാരത്തിലെ ഓരോ സ്വപ്നങ്ങളും ഏറ്റവും മികച്ചതാക്കാൻ അവർ ആഗ്രഹിക്കും. ഒരു ചെറിയ മുഖക്കുരു അല്ലെങ്കിൽ തൊലിപ്പുറത്തുള്ള ചെറിയ പാടുകളെല്ലാം അവർക്ക് ഒരു പേടി സ്വപ്നമായിരിക്കും. കൗമാരം പക്വതയാർന്ന യുവത്വത്തിലേക്കുള്ള ചുവടുവയ്പ്പാണ്. അതിനാൽ ശരീരികവും മാനസികവുമായ ആരോഗ്യത്തിന് കൗമാരത്തിൽ കിട്ടുന്ന ശ്രദ്ധ അവരുടെ ഭാവിയെത്തന്നെ നിർണയിച്ചേക്കാം.
നല്ല പച്ചക്കറികൾ കഴിക്കുക
സമീകൃത പോഷകാഹാരം ആരോഗ്യപരമായ ചർമ്മ സംരക്ഷണത്തിന് അത്യാവശ്യമാണ്. സോഫ്റ്റ്ഡ്രിങ്ക്സ്, രുചിക്കായി കൃത്രിമ വസ്തുക്കൾ ചേർത്തിട്ടുള്ളതും പോഷകാംശം കുറഞ്ഞതുമായ ഭക്ഷണം തുടങ്ങിയവ കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവയ്ക്ക് കാരണമാവുകയും നമ്മുടെ ശരീരത്തിലെ ഉപ്പിന്റെ അളവ് കൂട്ടി ജലാംശം നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യും. ചർമ്മത്തിന് യുവത്വം നിലനിൽക്കണമെങ്കിൽ അകത്തു നിന്നും പുറത്തു നിന്നുമുള്ള സംരക്ഷണം വേണം. കൂടുതൽ പച്ചക്കറികൾ ഭക്ഷണത്തിലുപ്പെടുത്തി രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ചു കൗമാരക്കാരെ കൂടുതൽ ആരോഗ്യവാന്മാരാക്കാം. ആർത്തവം തുടങ്ങുന്ന, തുടരുന്ന കാലത്ത് ഇരുമ്പുസത്തുള്ള ഭക്ഷണം നന്നായി കഴിക്കണം. ഈ പ്രായത്തിൽ വിളർച്ച ബാധിക്കാൻ സാദ്ധ്യത ഏറെയാണ്. ഇലക്കറികൾ, പ്രത്യേകിച്ച് ചീര നിർബന്ധമായും ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. വളരുന്ന പ്രായത്തിൽ ഡയറ്റിംഗ് വേണ്ട. തടി കൂടുന്നുണ്ടെന്നും 'സ്ലിം' ആവണമെന്നും തോന്നുന്നുണ്ടെങ്കിൽ ഭക്ഷണം കുറയ്ക്കാതെ വ്യായാമം കൂട്ടുക. ഭക്ഷണം കുറയ് ക്കുന്നത് പഠനത്തെയും പരീക്ഷയെയും കാ യികശേഷിയെയും ഒക്കെ ബാധിക്കും.
വെള്ളം ധാരാളം കുടിക്കുക
ആരോഗ്യകരമായ ശരീരത്തിനും ചർമകാന്തിയ്ക്കും കൗമാരക്കാർ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എണ്ണ, കഫിൻ അടങ്ങിയ ആഹാര പദാർത്ഥങ്ങൾ കൗമാര പ്രായക്കാരിൽ മുഖക്കുരു, ചൊറിഞ്ഞു പൊട്ടൽ അഥവാ ചൂടു പൊങ്ങൽ തുടങ്ങിയവ ഉണ്ടാക്കും. അമിത വിയർപ്പ്, കൂടുതൽ വിനോദങ്ങളിൽ ഏർപ്പെടുന്നത് തുടങ്ങിയവ പെട്ടെന്ന് തന്നെ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടാൻ കാരണമാകും. അത് കൗമാരക്കാരുടെ ആരോഗ്യത്തെയും ചർമ്മത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കൂടുതൽ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാതിരിക്കാനും ചർമ്മത്തെ വരൾച്ചയിൽ നിന്നും സംരക്ഷിക്കാനും സഹായിക്കും.
മേക്കപ്പ് സൂക്ഷിച്ചു മതി
കൗമാരക്കാരികളായ പെൺകുട്ടികളിൽ അണിഞ്ഞൊരുങ്ങാനും മേക്കപ്പ് പരീക്ഷണങ്ങൾ നടത്താനുമൊക്കെ താത്പര്യമുണ്ടാവുക സാധാരണമാണ്. പാർട്ടി, സ്‌പോർട്സ്, കോളേജ് ഫംഗ്ഷൻസ് എന്നിവയിലൊക്കെ പങ്കെടുക്കുമ്പോൾ കൂടുതൽ സൗന്ദര്യവും ആകർഷകത്വവും ലഭിക്കാൻ ഇവർ ഒരുപാട് മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. കൗമാരക്കാരുടെ ചർമ്മം വളരെ സെൻസിറ്റീവ് ആണ്. കൂടുതൽ രാസവസ്തുക്കളുടെ ഉപയോഗം ചർമ്മം വേഗത്തിൽ നശിക്കാൻ ഇടയാക്കുന്നു. അതുകൊണ്ട് തന്നെ മികച്ച ബ്രാൻഡഡ് മേക്കപ്പ് ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക. അല്ലാത്ത പക്ഷം കൗമാരക്കാരുടെ മൃദുശരീരത്തിൽ അത് പലതരത്തിലുള്ള അലർജിക്ക് കാരണമായേക്കാം. പക്ഷേ എല്ലാ പരിപാടിയും കഴിഞ്ഞു വീട്ടിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് മേക്കപ്പ് തുടച്ചു മാറ്റുക എന്നതാണ്.അതിനായി ക്ലൈൻസിംഗ് മിൽക്ക് ഉപയോഗിക്കാം. കണ്ണിന്റെ മേക്കപ്പ് നീക്കം ചെയ്യാൻ ബേബി ഓയിൽ ആണ് കൂടുതൽ നല്ലത്.
ലഹരിയോട് അടുക്കല്ലേ
കൗമാരപ്രായത്തിൽ കുട്ടികൾ മദ്യം, മയക്കുമരുന്ന്, പുകവലി തുടങ്ങിയ ദുശീലങ്ങളിൽ ചെന്ന് പെടാൻ സാദ്ധ്യതയേറെയാണ്. ഇവയൊക്കെ കൗമാരക്കാരുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.പുകവലി ശരീരത്തിലെ കൊളാജന്റെ അളവ് കുറയ്ക്കുകയും ചർമ്മം വരണ്ടതും ശോഭയില്ലാത്തതുമാക്കുന്നു. പുകവലിയുള്ള കൗമാരക്കാരിൽ ഇലാസ്റ്റിസിറ്റിയും കുറവായിരിക്കുമെന്ന് റിസേർച്ചുകൾ പറയുന്നുണ്ട്. കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോഴോ പുറത്തു പോകുമ്പോഴോ ഒക്കെ സൂര്യപ്രകാശത്തിൽ നിന്നും രക്ഷപ്പെടാൻ ഉള്ള മാർഗങ്ങൾ എടുക്കാൻ മറക്കാതിരിക്കുക.