വാങ്ങുമ്പോഴും ഉപേക്ഷിക്കുമ്പോഴും അളവും തൂക്കവും നോക്കണമെന്ന തന്റെ ശീലത്തെ ബലപ്പെടുത്താൻ കടലിൽ കളഞ്ഞാലും അളന്നു കളയണം എന്ന പഴഞ്ചൊല്ല് വിജയചന്ദ്രൻ ആവർത്തിക്കാറുണ്ട്. റേഷൻകടയിൽ പോയാലും മാർക്കറ്റിൽ പോയാലും ആ ശീലത്തിന് ഒരു മാറ്റവുമില്ല. തനിക്ക് കിട്ടുന്നതിനെക്കാൾ മീനായാലും പച്ചക്കറിയായാലും ഏതു സാധനമായാലും മറ്റൊരാളിന് കൂടുതൽ കിട്ടുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടില്ല, ക്ഷുഭിതനാകുകയും ചെയ്യും. അടുത്ത സുഹൃത്തുക്കളും ഭാര്യയും ഈ കാരണം കൊണ്ടുതന്നെ വിജയചന്ദ്രനൊപ്പം സാധനം വാങ്ങാൻ പോകാൻ മടിക്കും. വില്പനക്കാർ എന്തു വിചാരിച്ചാലും തന്റെ കൈവശമെത്തുന്ന സാധനത്തിന്റെ അളവും തൂക്കവും കിറുകൃത്യമായിരിക്കണമെന്ന കാര്യത്തിൽ കക്ഷി ഒരു വിട്ടുവീഴ്ചയ്ക്കുമില്ല.
സദ്യ വിളമ്പുമ്പോൾ അടുത്തയാളിന്റെ ഇലയിൽ കൂടുതൽ എന്തെങ്കിലും വിളമ്പിയാൽ കയർക്കും. തനിക്കൊന്നും കുറയാൻ പാടില്ല എന്ന വിജയചന്ദ്രന്റെ മനോഭാവം അടുത്തിടപഴകുന്നവർക്കൊക്കെ അറിയാം. അതിനാൽ മറ്റുള്ളവർക്ക് നൽകുന്നതിനെക്കാൾ ശ്രദ്ധയും പരിഗണനയും സുഹൃത്തുക്കളും ബന്ധുക്കളും നൽകാറുണ്ട്. സ്നേഹക്കൂടുതൽ കൊണ്ടല്ല, സംഗതി അലമ്പാകരുതെന്ന് കരുതി മാത്രം. വലിയ ബുദ്ധിമാൻ ചമയുമെങ്കിലും സാമാന്യ ജനങ്ങൾ തന്നെ അളക്കുന്നതും തൂക്കി നോക്കുന്നതും ഏതു രീതിയിലാണെന്ന് പാവം വിജയചന്ദ്രന് പിടികിട്ടില്ല.
അടുത്തിടെ ഒരു ക്ഷേത്രത്തിൽ പോയപ്പോഴുണ്ടായ ദുരനുഭവം അടുത്തൊരു സുഹൃത്ത് പറഞ്ഞാണ് പുറംലോകമറിഞ്ഞത്. താൻ സ്പെഷ്യൽ ദർശനത്തിന് ടിക്കറ്റെടുത്തു നിൽക്കുമ്പോൾ ഒരു സാധു എങ്ങനെയോ ആ നിരയിൽ കടന്നുകൂടി. വിജയചന്ദ്രന് അതൊട്ടും രസിച്ചില്ല. വലിയ ബഹളമായി. ക്യൂവിൽ നിന്ന എല്ലാവരും ശ്രദ്ധിച്ചു. ചിലർ വിജയചന്ദ്രനെ അനുകൂലിച്ചു. കുറച്ചു പേർ പുച്ഛിച്ചു. എന്തായാലും വിജയശ്രീലാളിതനെന്ന മട്ടിൽ അടുത്തുനിന്ന് ദർശിക്കാൻ ബദ്ധപ്പെടുമ്പോൾ കാൽ മുടന്തി നിലത്തുവീണു. ആരുടെയൊക്കെയോ ചവിട്ടും തൊഴിയും കിട്ടി. നിലവിളിച്ചതു കൊണ്ടുമാത്രം സെക്യൂരിറ്റിക്കാർ വന്ന് പിടിച്ചെഴുന്നേല്പിച്ചു. അവശനായ വിജയചന്ദ്രനെ എടുത്തുകൊണ്ടുപോകാൻ താൻ നേരത്തേ സ്പെഷ്യൽ ക്യൂവിൽ നിന്നു പുറത്താക്കിയ ആ സാധു മനുഷ്യനും ഉണ്ടായിരുന്നു എന്നു കണ്ട് അല്പനിമിഷങ്ങൾക്ക് മുമ്പ് താൻ ജയിച്ചെന്ന് ഭാവിച്ചത് എത്ര വിഡ്ഢിത്തമാണെന്ന് വിജയചന്ദ്രനു തോന്നി.
പ്രാഥമിക ചികിത്സയ്ക്കായി അടുത്തുള്ള ഒരു ക്ളിനിക്കിൽ പോയി മടങ്ങുമ്പോൾ ഭാര്യ പറഞ്ഞ വാക്കുകൾ വേദവാക്യം പോലെ അയാൾ കേട്ടു. അന്നാദ്യമായി മറുത്തൊന്നും പറഞ്ഞതുമില്ല. സാധു മനുഷ്യനായി ക്യൂവിൽ നിന്നതും ഒടുവിൽ രക്ഷിക്കാൻ വന്നതും ഒരുപക്ഷേ ഈശ്വരൻ തന്നെയായിരിക്കില്ലേ. വിജയചന്ദ്രൻ ഭാര്യയുടെ വാക്കുകൾ സശ്രദ്ധം കേട്ടു നിന്നു. അയാളുടെ മനസിൽ അതുവരെ കെട്ടി നിന്ന അഹന്തയും അജ്ഞതയും വറ്റിവരളുന്നതു പോലെ അയാൾക്ക് അനുഭവപ്പെട്ടു.
ആർക്കും പ്രകൃതി എല്ലാം തികച്ചു കൊടുക്കുന്നില്ല. എല്ലാം തികഞ്ഞെന്ന ഭാവം പ്രകൃതിക്കില്ല. സർവജ്ഞനാണെന്നും സർവജ്ഞപീഠം കയറിയെന്നും സർവകലാവല്ലഭനാണെന്നും സമ്പത്തും പദവിയും പ്രശസ്തിയും കൊണ്ട് എല്ലാം തികഞ്ഞെന്നും വിഡ്ഢികൾ ചിന്തിക്കുന്നു. ഒരു നെരിപ്പോടെങ്കിലും മനസിലില്ലാത്ത ഏതെങ്കിലും മനുഷ്യനുണ്ടാകുമോ ഈ ഭൂമുഖത്ത്. ആ ഒരു സത്യമറിഞ്ഞാൽ മതി. അല്പജ്ഞരായി നാം കാട്ടിക്കൂട്ടുന്നതൊക്കെ എത്ര കോമാളിത്തരമാണെന്ന് മനസിലാക്കാൻ. പ്രീഡിഗ്രി വിദ്യാഭ്യാസം പോലുമില്ലാത്ത ഭാര്യ ഭക്തിയും അനുഭവവും കൊണ്ട് നേടിയ അറിവിനെ വിജയചന്ദ്രൻ ഉള്ളുകൊണ്ട് നമിച്ചു.