തിരുവനന്തപുരം: സി.പി.എം - കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ വരെ ഉൾപ്പെട്ട 12 നേതാക്കൾ നാളെ പത്തനംതിട്ടയിൽ നടക്കുന്ന പരിപാടിയിൽ ബി.ജെ.പിയിൽ ചേരുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പ്രഖ്യാപിച്ചത് സംസ്ഥാനത്ത് പുതിയ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്. ബി.ജെ.പിയിൽ ചേരുന്ന നേതാക്കൾ ആരൊക്കെയാണെന്നാണ് ഇപ്പോൾ എല്ലാവരും അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് രാഷ്ട്രീയ രംഗത്ത് പ്രചരിക്കുന്നത്. തങ്ങളുടെ പാർട്ടിയിൽ നിന്ന് ആരും പോകില്ലെന്ന് സി.പി.എമ്മും കോൺഗ്രസും ഉറപ്പിക്കുന്നുണ്ടെങ്കിലും ഇരുപാർട്ടികളും ആശങ്കയിലാണെന്നാണ് വിവരം.
ആ ഉന്നതനാണോ ഈ ഉന്നതൻ?
സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു ഉന്നതൻ ബി.ജെ.പിയിൽ ചേരുമെന്ന് ശ്രീധരൻപിള്ള നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തിലെ പ്രതിഷേധത്തെ തുടർന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ജി.രാമൻനായർ ബി.ജെ.പിയിൽ ചേർന്നപ്പോൾ ആ ഉന്നതനെക്കുറിച്ചുള്ള സംസാരം വീണ്ടും സജീവമായി. എന്നാൽ ജി.രാമൻനായരല്ല ആ ഉന്നതനെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാന രാഷ്ട്രീയത്തിൽ കോലാഹലം സൃഷ്‌ടിക്കുന്ന ആ ഉന്നതന്റെ വരവ് നാളെയുണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
12 പേർ ആരൊക്കെ?
പത്തനംതിട്ടയിൽ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് നടക്കുന്ന പരിപാടിയിൽ മുൻ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, മുൻ ഡി.സി.സി സെക്രട്ടറി, ഇടത് മുന്നണി ലോക്കൽ കൺവീനർമാർ എന്നിവരാണ് ബി.ജെ.പി അംഗത്വം ഔദ്യോഗികമായി സ്വീകരിക്കുന്നതെന്ന് ശ്രീധരൻപിള്ള വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കുള്ള അംഗത്വ വിതരണം കഴിഞ്ഞ ദിവസം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിലെ സസ്‌പെൻസ് നിലനിറുത്താനായി ഈ 12 പേരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആവില്ലെന്നാണ് ബി.ജെ.പി വൃത്തങ്ങൾ വിശദീകരിക്കുന്നത്. ആരൊക്കെയാണ് പാർട്ടിയിലേക്ക് വരുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും ഇക്കൂട്ടർ പറയുന്നു.
എല്ലാം തീരുമാനിച്ചത് അമിത് ഷാ
കെ.പി.സി.സി ഭാരവാഹികൾ ഉൾപ്പെടെ നിരവധി നേതാക്കൾ ബി.ജെ.പിയിൽ ചേരണമെന്ന ആഗ്രഹവുമായി തന്നെ സമീപിച്ചിരുന്നുവെന്ന് ശ്രീധരൻപിള്ള പറയുന്നു. ഇക്കാര്യം തന്റെ കയ്യിൽ ഒതുങ്ങാത്തതിനാൽ പലരെയും ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ അടുത്തേക്ക് അയച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു.