പ്രമേഹം നിയന്ത്രിക്കുന്നതിൽ മുഖ്യപങ്ക് ആഹാര ക്രമീകരണത്തിനാണുള്ളത്. പ്രമേഹരോഗി മൂന്നുനേരത്തെ ഭക്ഷണരീതി മാറ്റി അത്രയും ഭക്ഷണം ആറ് നേരമാക്കി കുറേശെ കഴിക്കുക. ഭക്ഷണം കൃത്യസമയത്ത് കഴിക്കുകയും വേണം. കൂടുതൽ വിശക്കും വരെ ഭക്ഷണസമയം നീട്ടരുത്. പ്രമേഹരോഗികൾക്ക് ഉപവാസം നന്നല്ല.
ചോറിലും ചപ്പാത്തിയിലുമുള്ള അന്നജത്തിന്റെ അളവ് തുല്യമാണ്. ചോറ് ഉപേക്ഷിച്ച് കൂടുതൽ ചപ്പാത്തി കഴിക്കുന്നത് ദോഷം ചെയ്യും. ഒരു നേരം രണ്ട് ചപ്പാത്തിയും സാലഡ് വെള്ളരി, കോവയ്‌ക്ക എന്നിവ ചേർത്ത സാലഡും കഴിക്കുക. ഗ്‌ളൈസിമിക് ഇൻഡക്സ് കൂടിയ വെള്ളഅരി ഗുണംചെയ്യില്ല. ധാരാളം നാരുകളുള്ള കുത്തരിച്ചോറ് കുറഞ്ഞ അളവിൽ ഒരു നേരം കഴിക്കാം. ഇതിനൊപ്പവും ചെറുമത്സ്യങ്ങളും ധാരാളം പച്ചക്കറികളും കഴിക്കാൻ മറക്കരുത്. ചോറ് ഒന്നിലധികം തവണ വാർത്തെടുത്താലും അന്നജത്തിന്റെ അളവ് കുറയില്ല. നാരുകളും പോഷകങ്ങളും ധാരാളമായുള്ളതിനാൽ തിന, റാഗി, ബാർലി ഇവ കഴിക്കുക. രാത്രി നേരത്ത് ഇത് ഭക്ഷണമാക്കാം. ചെറുപ്പം മുതൽ ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിച്ചാൽ പ്രമേഹം തടയാം.