1. ചിത്തിര ആട്ട പൂജയ്ക്കായി ശബരിമലനട നാളെ തുറക്കാൻ ഇരിക്കെ, പ്രതിഷേധക്കാരെ തടയാൻ നിയന്ത്രണവും നിരീക്ഷണവും കടുപ്പിച്ച് പൊലീസ്. വനിത പ്രതിഷേധക്കാർ സന്നിധാനത്ത് എത്തിയാൽ, വനിതാ പൊലീസിനെ മലകയറ്റാൻ തീരുമാനം. 400 ലേറെ പ്രതിഷേധക്കാരെ തടയാൻ ഫോട്ടോകളും കൈമാറിയിട്ടുണ്ട്. മാദ്ധ്യമങ്ങളെ രാവിലെ ഇലവുങ്കലിൽ തടഞ്ഞു എങ്കിലും പിന്നീട് വിലക്ക് ഏർപ്പെടുത്തില്ല എന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര പറഞ്ഞു.
2. പ്രതിഷേധക്കാരായ വനിതകൾ സന്നിധാനത്ത് എത്തിയാൽ തടയുന്നതിന് ആയാണ് വനിതാ പൊലീസിനെ നിയമിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ 50 വയസ് കഴിഞ്ഞ 32 വനിത പൊലീസ് ഉദ്യോഗസ്ഥരോട് തയാറായി നിൽക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ശബരിമല ദർശനത്തിനായി യുവതികൾ ആരും സുരക്ഷ ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്.പി. നാളെ വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്.
3. സന്നിധാനം മുതൽ വടശേരിക്കര വരെയുള്ള പ്രദേശത്തെ 5 സുരക്ഷാ മേഖലകളായി തിരിച്ചാണ് പൊലീസിന്റെ മുന്നൊരുക്കം. ഭക്തർക്ക് സുഗമമായി ദർശനം നടത്താനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് എന്ന് കളക്ടർ പി.ബി നൂഹ്. വിശ്വാസികൾക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും പത്തനംതിട്ട കളക്ടർ പറഞ്ഞു.
4. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധ സമരത്തിനു പിന്നാലെ പൊലീസിനെ വെല്ലുവിളിച്ചും പ്രകോപനങ്ങൾ സൃഷ്ടിച്ചും വീണ്ടും രാഹുൽ ഈശ്വർ. ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആണ് രാഹുൽ ഈശ്വർ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. അഞ്ചു ദിവസം പ്രതിരോധിക്കാൻ സാധിച്ചതു പോലെ ഒരു ദിവസം കൂടി കഴിഞ്ഞാൽ ചരിത്ര വിജയമാണ് നമ്മെ കാത്തിരിക്കുന്നത് എന്ന് രാഹുൽ.
5. സുപ്രീംകോടതിയിൽ നിന്നടക്കം അനുകൂലമായ തീരുമാനം ലഭിക്കും. ശബരിമല സന്നിധാനത്തേയ്ക്ക് പോകാനുള്ള വഴിയിലെത്തി എന്ന് പറഞ്ഞ് ആരംഭിക്കുന്ന വീഡിയോയിൽ പമ്പ പൊലീസ് സ്റ്റേഷൻ, പൊലീസ് വാഹനങ്ങൾ, ബാരിക്കേടുമായി എത്തിയ വാൻ എന്നിവയും പകർത്തിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിൽ എടുത്ത് വിവിധ വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും പോസ്റ്റുകളും പൊലീസ് നിരീക്ഷണത്തിലാണ്.
6. സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന 12 സി.പി.എം കോൺഗ്രസ് നേതാക്കൾ നാളെ പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ ബി.ജെ.പിയിൽ ചേരും എന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. എസ്.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഇതോടെ സംസ്ഥാനത്ത് വൻ പൊട്ടിത്തെറികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരൻപിള്ളയുടെ പ്രസ്താവന വെറും ദിവാ സ്വപ്നം ആണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.
7. തമിഴ്‌നാട് സ്വദേശിയായ യുവാവ് സ്വാമിനാഥൻ കോഴിക്കോട് പൊലീസ് കസ്റ്റഡിയിൽ മരിച്ചത് ആൾക്കൂട്ട കൊലപാതകം എന്ന് പിതാവിന്റെ പരാതി. മരിച്ച സ്വാമിനാഥന്റെ പിതാവ് ചെല്ലപ്പനാണ് ആരോപണവുമായി രംഗത്ത് എത്തിയത്. മോഷണ ശ്രമം ആരോപിച്ച് പിടികൂടിയ സ്വാമിനാഥനെ പൊലീസിന് കൈമാറുന്നതിന് മുൻപ് നാട്ടുകാർ മർദ്ദിച്ചു എന്ന് പിതാവ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
8.ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. സ്ത്രീകൾ ആരാധിക്കരുത് എന്നു പറയുന്ന ദൈവങ്ങളൊന്നും തന്റെ ദൈവമല്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. അമ്മയിൽ നിന്ന് ജനിച്ചവർക്കാർക്കും ആരാധനാ സ്വാതന്ത്ര്യം തടയരുത്. സ്ത്രീകൾക്ക് ആരാധനാ കാര്യത്തിൽ വിലക്ക് എന്തിനാണെന്ന് മനസിലാകുന്നില്ല എന്നും ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ സംസാരിക്കവെ പ്രകാശ് രാജ് പറഞ്ഞു.
9. ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുമ്പോൾ അതിന്റെ രജിസ്‌ട്രേഷൻ മാറ്റേണ്ട ചുമതല ഇനി വിൽക്കുന്നയാൾക്ക്. ഇതുവരെ വാങ്ങുന്ന ആൾക്കായിരുന്നു ഇതിന്റെ ചുമതല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാഹൻ എന്ന സോ്ര്രഫവെയറിലേക്ക് മോട്ടോർ വാഹന വകുപ്പ് മാറുന്നതോടെയാണ് പുതിയ മാറ്റം.
10. പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് എട്ടു ദിവസം കൂടി കേരളത്തിൽ തങ്ങാൻ പ്രത്യേക എൻ.ഐ.എ കോടതിയുടെ അനുമതി. മാതാവ് അസ്മാ ബീവിയുടെ രോഗം ഗുരുതരമാണെന്നു കാട്ടി സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിനെ തുടർന്നാണ് സന്ദർശന കാലാവധി 12 വരെ നീട്ടിയത്. കഴിഞ്ഞ 28 മുതൽ ഇന്നുവരെ കേരളത്തിൽ തങ്ങാനായിരുന്നു മഅദനിക്ക് നേരത്തെ അനുമതി നൽകിയിരുന്നത്.
11. തീയേറ്ററുകളിൽ നിറഞ്ഞോടുന്ന വിജയ് സേതുപതിതൃഷ ചിത്രം 96 ദീപാവലിക്ക് ടെലിവിഷൻ പ്രീമിയറായി എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സൺ ടിവി. എന്നാൽ ഇത് കടുത്ത അനീതായാണെന്ന് നടി തൃഷ പ്രതികരിച്ചു. ഇത്ര നേരത്തെ ചിത്രം ടെലിവിഷൻ പ്രീമിയറായി എത്തുന്നത് ശരിയല്ലെന്നും പ്രീമിയർ പൊങ്കലിലേക്ക് മാറ്റി വയ്ക്കണം എന്നും തൃഷ ട്വിറ്റർ പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.
12. ടൊവീനോ തോമസിന്റെ ഓർമ്മക്കുറിപ്പുകൾ പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നു. ഒരു സുപ്രസിദ്ധ പയ്യന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പേരിലാണ് ടൊവീനോയുടെ ആദ്യ പുസ്തകം എത്തുന്നത്. പല കാലങ്ങളിലെ പല വിഷയങ്ങളെ കുറിച്ചുള്ള ഓർമ്മകളാണ് നടൻ ഇതിൽ പങ്കുവെച്ചിരിക്കുന്നത്. വിദ്യാഭ്യാസം, വായന, യാത്രകൾ, പ്രണയം, സോഷ്യൽ മീഡിയ, ആരാധകർ, സിനിമയിലെ അദൃശ്യ മനുഷ്യർ, ധനുഷ്, മാധവികുട്ടി, മതം, രാഷ്ട്രീയം, മനുഷ്യത്വം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പുസ്തകത്തിൽ വിഷയമായിട്ടുണ്ട്.