-actor-vijay

ഇളയദളപതി വിജയ്‌ക്ക് കേരളാ ഫാൻസിന്റെ സമ്മാനം. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം സർക്കാരിന്റെ റിലീസിനോടനുബന്ധിച്ച് കൊല്ലം പീരങ്കിമൈതാനത്ത് വിജയ് ഫാൻസ് ഒരുക്കിയ പടുകൂറ്റൻ കട്ടൗട്ടിന്റെ കാര്യമാണ് പറയുന്നത്. 180 അടി ഉയരത്തിലാണ് കട്ടൗട്ട് നിർമ്മിച്ചിരിക്കുന്നത്. 'നൻപൻസ്' എന്ന വിജയ് ഫാൻസ് കൂട്ടായ്മയാണ് ഇതിന് പിന്നിൽ.

എട്ട് മാസം കൊണ്ടാണ് കട്ടൗട്ടിനാവശ്യമായ തുക സമാഹരിച്ചത്. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയാണ് ഇതിന് വേണ്ടി ചിലവഴിച്ചത്. മുപ്പതോളം പേർ ഇതിന് പിന്നിൽ പ്രവർത്തിക്കുകയും ഇരുപത് ദിവസം കൊണ്ട് കട്ടൗട്ടിന്റെ പണികൾ പൂർത്തിയാക്കുകയും ചെയ്തു. തൊണ്ണൂറ് ശതമാനം പണികളും ചെയ്ത‌ത് ഫാൻസ് അംഗങ്ങൾ തന്നെയാണ്. കൊല്ലം നഗരത്തിൽ മാത്രം ഏകദേശം എണ്ണായിരത്തോളം അംഗങ്ങളാണ് വിജയ് ഫാൻസിലുള്ളത്.


വാർത്തകണ്ട ശേഷം വിജയ്‌യുടെ പി.ആർ.ഒ കൊല്ലത്തെ ഫാൻസ് അംഗങ്ങളെ വിളിച്ചിരുന്നു. വിജയ് ഉടനെ അവരെ വിളിക്കുമെന്നും പറ‌ഞ്ഞു. കട്ടൗട്ട് നിർമ്മിച്ച് വെറുതെ കറങ്ങി നടക്കുന്ന പയ്യൻമാരല്ല ഇവർ. അസോസിയേഷൻ അംഗങ്ങളിലൊരാൾക്ക് വീട് വെച്ച് കൊടുക്കുകയും ചെയ്തിരുന്നു. കട്ടൗട്ട് കാണാൻ പലയിടങ്ങളിൽ നിന്നും ആരാധകരെത്തുന്നുണ്ട്. എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത സർക്കാർ ദീപാവലി റിലീസായി തീയേറ്ററുകളിലെത്തും.