തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കമ്മിഷനിൽ ജനറൽ മാനേജരായി തന്റെ പിതൃസഹോദരന്റെ കൊച്ചുമകനെ നിയമിച്ചത് ചട്ടവിരുദ്ധമായിട്ടല്ലെന്ന മന്ത്രി കെ.ടി.ജലീലിന്റെ വിശദീകരണത്തിൽ ശക്തമായ മറുപടിയുമായി യൂത്ത് ലീഗ് രംഗത്തെത്തി. മന്ത്രിയുടെ മറുപടി വസ്‌തുനിഷ്‌ടമല്ലെന്ന് ആരോപിച്ച യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ലോൺ അടയ്‌ക്കാത്ത ലീഗുകാരുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ജലീൽ രാജി വയ്‌ക്കും വരെ പ്രക്ഷോഭം നടത്തും. എ.കെ.ജി സെന്ററിലെ സെക്രട്ടറിയെ നിയമിക്കുന്നത് പോലെ മന്ത്രി സർക്കാർ നിയമനങ്ങൾ നടത്തരുതെന്നും ഫിറോസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തന്റെ പേഴ്സണൽ സ്‌റ്റാഫിലേക്ക് ആളെ നിയമിക്കുന്നത് പോലെയാണ് ന്യൂനപക്ഷ ബോർഡിൽ ആളെ നിയമിക്കുന്നതെന്ന് മന്ത്രി കരുതരുത്. നിയമനത്തിന് വിജിലൻസിന്റെ ക്ലിയറൻസ് റിപ്പോർട്ട് വേണമെന്ന് മന്ത്രിസഭാ നിർദ്ദേശമുണ്ട്. ഇക്കാര്യത്തിൽ വിജിലൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോയെന്നും ഫിറോസ് ചോദിച്ചു. മതിയായ യോഗ്യതയുള്ളവർ ഇല്ലാത്തത് കൊണ്ടാണ് മന്ത്രിയുടെ ബന്ധുവായ അദീപിനെ നിയോഗിച്ചതെന്നാണ് ജലീലിന്റെ വാദം. അങ്ങനെയാണെങ്കിൽ മറ്റ് ഏഴ് അപേക്ഷകരുടെയും യോഗ്യതാവിവരങ്ങൾ പുറത്ത് വിടാൻ മന്ത്രിയെ വെല്ലുവിളിക്കുന്നതായും പി.കെ.ഫിറോസ് കൂട്ടിച്ചേർത്തു.
മുസ്‌ലിം ലീഗുകാർക്ക് നൽകിയ വായ്‌പ തിരിച്ചടയ്‌ക്കാത്തത് കൊണ്ടാണ് താൻ മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് ജലീലിന്റെ ആരോപണം. എന്നാൽ കമ്മിഷനിൽ നിന്നും ആരെങ്കിലും വായ്‌പ എടുത്തിട്ട് തിരിച്ചടച്ചില്ലെങ്കിൽ ശക്തമായ നടപടിയെടുക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. അതിൽ മുസ്‌ലിം ലീഗുകാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കണം.
പിന്നാലെ മറുപടിയുമായി ജലീൽ
പി.കെ.ഫിറോസിന്റെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മന്ത്രി തൊട്ടുപിന്നാലെ രംഗത്തെത്തി. അഭിമുഖത്തിന് ക്ഷണിച്ച എല്ലാ ഉദ്യോഗാർത്ഥികളുടെയും വിവരങ്ങൾ പുറത്തുവിടാൻ തയ്യാറാണ്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുസ്‌ലിം ലീഗ് ശ്രമിക്കുന്നത്. ഒരു സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന ആളിനെ നിയമിക്കുമ്പോൾ വിജിലൻസ് ക്ലിയറൻസ് ആവശ്യമില്ല. എന്തിന്റെയെങ്കിലും പേരിൽ ഫണ്ട് പിരിച്ച് മുക്കുന്നതും കടംവാങ്ങിച്ചാൽ കൊടുക്കാതിരിക്കുന്നതും മുസ്‌ലിം ലീഗിന്റെ സ്വഭാവമാണ്. കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ച നാൾ മുതൽ മുസ്‌ലിം ലീഗ് തന്റെ രാജി ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം കാര്യമാക്കുന്നില്ല. ഇപ്പോഴുണ്ടായ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.