ലക്‌നൗ: ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനേഴുകാരിയെ തീവ്ര പരിചരണ വിഭാഗത്തിൽ വച്ച് ആശുപത്രി ജീവനക്കാരനുൾപ്പടെ നാലുപേർ മാനഭംഗപ്പെടുത്തി. വിഷം തീണ്ടിയതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു പെൺകുട്ടിയെ. സംഭവസമയത്ത് പെൺകുട്ടിക്ക് പ്രതികരിക്കാനോ ശബ്ദമുണ്ടാക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. പിന്നീട് ജനറൽ വാർഡിലേക്ക് മാറ്റിയപ്പോൾ പെൺകുട്ടി ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അച്ഛനാണ് സംഭവം പൊലീസിൽ അറിയിച്ചത്.
ആശുപത്രി ജീവനക്കാരനായ സുനിൽ ശർമ്മയും മറ്റു മൂന്ന്പേരും ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇവർക്കെതിരെ കൂട്ട മാനഭംഗത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം പുറത്തായതിനെ തുടർന്ന് ഒളിവിലായ പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ ആശുപത്രി അധികൃതർ സംഭവത്തെ എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ്. തീവ്ര പരിചരണ വിഭാഗത്തിൽ കർട്ടൻ കൊണ്ട് മറച്ചിരിക്കുന്നതിനാൽ മറ്റു ജീവനക്കാരുടെ ശ്രദ്ധയിൽ പെടില്ല എന്ന തോന്നലാകാം പ്രതികളെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.