kadakampally-surendran

തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിനായി നടതുറക്കുമ്പോൾ ഏതെങ്കിലും ആക്‌ടിവിസ്‌റ്റുകൾ ശബരിമലയിലേക്ക് എത്തിയാൽ തടയുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഗൂഢലക്ഷ്യങ്ങളുമായി വരുന്നവരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കില്ല. ഗൂഢലക്ഷ്യങ്ങളുമായി വരുന്നവരെയാണ് ആക്‌ടിവിസ്‌റ്റുകൾ എന്ന് ഉദ്ദേശിച്ചത്. യുവതികളാരും ഇതുവരെ ശബരിമലയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയിൽ മാദ്ധ്യമങ്ങൾക്ക് വിലക്കില്ലെന്നും മന്ത്രി പറഞ്ഞു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ വില കൽപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ശബരിമലയിലേക്ക് മാദ്ധ്യമ പ്രവർത്തകരെ ഇന്ന് കയറ്റി വിടില്ലെന്ന് പൊലീസ് അറിയിച്ചു. നട തുറക്കുന്ന നാളെ രാവിലെയോടെ മാത്രമേ മാദ്ധ്യമങ്ങൾക്ക് അവസരം നൽകൂ. ഐ.ജി.അശോക് യാദവാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായാൽ ഇന്ന് വൈകുന്നേരത്തോടെ മാദ്ധ്യമങ്ങളെ ശബരിമലയിലേക്ക് കടത്തിവിടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. തീരുമാനം മാറ്റാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമല്ല. മാദ്ധ്യമങ്ങൾക്ക് വിലക്കില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.