accident

കാറിനു തീ പിടിച്ചു അപകടം പള്ളാത്തുരുത്തി എ.സി​ റോഡി​ൽ  കാറോടിച്ച ഡോക്‌ടർക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി റോഡിൽ വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറിനുള്ളിലുണ്ടായിരുന്ന മെഡിക്കൽ പി.ജി വിദ്യാർത്ഥിനി മരിച്ചു. കാറിനു തീപിടിച്ചെങ്കിലും കൂടുതൽ ദുരന്തം ഉണ്ടായില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡിൽ പോക്കോട് ലക്ഷ്‌മി നിവാസിൽ (ഹൗസ് നമ്പർ 6/260-എ) പ്രസന്നകുമാറിന്റെ മകൾ ഡോ.പാർവതിയാണ് (25) മരിച്ചത്. കാർ ഓടിച്ചിരുന്ന കോഴിക്കോട് വെസ്റ്റ് ഹിൽ അദനിക്കൽ വെസ്റ്റ് നാരങ്ങാലി തയ്യിൽ സുരേഷ് ബാബുവിന്റെ മകൻ ഡോ. നിതിൻ ബാബുവിനെ (26) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എ.സി​ റോഡി​ൽ പള്ളാത്തുരുത്തി പാലത്തിന് സമീപം ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ടൂറിസ്റ്റ് ബസ് പുനലൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. പാർവതിയും നിതി​ൻബാബുവും സഹപാഠിയുടെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്കും. പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് ബസുമായി ഇടിച്ച കാർ റോഡിന് കുറുകെ വീഴുകയും തീ പിടിക്കുകയുമായിരുന്നു.കാറിൽ കുരുങ്ങിയ പാർവതിയെയും നിതിൻബാബുവിനെയും തീ വ്യാപിക്കുന്നതിനുമുമ്പ് രക്ഷാപ്രവർത്തകർ പുറത്തെടുത്തു. ബസ് യാത്രക്കാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. അധികം വൈകാതെ ആലപ്പുഴ സൗത്ത് പൊലീസും സ്ഥലത്തെത്തി. ഇരുവരെയും ഉടൻ പൊലീസ് വാഹനത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പാർവതി യാത്രാ മദ്ധ്യേ മരിച്ചു. നിതിൻബാബുവിന്റെ തലയ്ക്കാണ് പരിക്ക്. ആലപ്പുഴയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. പാർവതിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.