ഏറെ പ്രേക്ഷക പ്രശംസ നേടി തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ് 96 എന്ന ചിത്രം. ദീപാവലി പ്രീമിയറായി ചിത്രം ടെലിവിഷനിലെത്തുകയാണ്. ഇതിനെതിരെ ചിത്രത്തിലെ നായികയായ തൃഷ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് നടി പ്രതികരിച്ചത്.
ഇത് അനീതിയാണ് എന്നായിരുന്നു താരം പറഞ്ഞത്. ഞങ്ങളുടെ സിനിമ തീയേറ്ററുകളിലെത്തിയിട്ട് അഞ്ചാഴ്ചയേ ആയിട്ടുള്ളു. ഒരു ടീം എന്ന നിലയിൽ ഇത്ര നേരത്തേ ചിത്രം ടെലിവിഷൻ പ്രീമിയറിൽ വരുന്നത് അനീതിയാണെന്ന് ഞങ്ങൾ കരുതുന്നു. പ്രീമിയം പൊങ്കലിലേക്ക് മാറ്റിവെക്കണമെന്ന് ഞങ്ങൾ സൺ ടി.വിയോട് അഭ്യർത്ഥിക്കുകയാണ്. തൃഷ ട്വിറ്ററിൽ കുറിച്ചു. അപ്രതീക്ഷിത വിജയമായിരുന്നു 96 ന് തീയേറ്ററുകളിൽ ലഭിച്ചത്.
ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം നടക്കുന്ന സ്കൂൾ റീ-യൂണിയനിൽ കണ്ട് മുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ.ജാനകി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തൃഷയാണ്. തമിഴ്നാടിന് പുറമെ കേരളത്തിലും വൻ വിജയമാണ് 96. ചിത്രത്തിലെ ഗാനങ്ങളെല്ലാം റിലീസിന് മുൻപ് തന്നെ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. 'റാമിനെയും ജാനകിയേയും' പ്രേക്ഷർ ഇതിനോടകം നെഞ്ചിലേറ്റിക്കഴിഞ്ഞു.