കോഴിക്കോട്: ആക്രിക്കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ച തമിഴ്‌നാട് സ്വദേശി മരണമടഞ്ഞ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കമ്മിഷണർക്ക് പരാതി നൽകി. പൊലീസിൽ ഏല്പിക്കും മുമ്പ് മകനെ നാട്ടുകാർ മർദ്ദിച്ചെന്ന് കൊല്ലപ്പെട്ട തിരുനെൽവേലി വാകതെരു സ്വദേശി സ്വാമിനാഥന്റെ പിതാവ് ചെല്ലയ്യ സിറ്റി പൊലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാറിന് നൽകിയ പരാതിയിൽ പറയുന്നു
പൊലീസിൽ നിന്ന് മർദ്ദനമേറ്റതായി കരുതുന്നില്ല. മോഷണം നടന്ന സമയത്ത് കടയുടെ ഉടമകൾ തല്ലിയിട്ടുണ്ടോ എന്നറിയില്ല. സ്വാമിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞിരുന്നില്ല. മരിച്ച ശേഷമാണ് അറിയുന്നത്. . പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ സ്വാമിനാഥൻ (39) മരണമടയുന്നത്. കഴിഞ്ഞ ദിവസം കുറ്റിക്കാട്ടൂരിലെ ആക്രിക്കടയിൽ മോഷണം നടത്തിയതിനെ തുടർന്നാണ് സംഭവം. തുടർന്ന് കടയുടമയുടെ നേതൃത്വത്തിലാണ് മെഡിക്കൽ കോളേജ് പൊലീസിൽ എത്തിച്ചത്. പൊലീസ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെത്തിക്കുകയും ഒരു മണിയോടെ മരണമടയുകയുമായിരുന്നു. ജയാമണിയാണ് സ്വാമിനാഥന്റെ ഭാര്യ. മക്കൾ: അജയ്, മനു