vs
vs

തിരുവനന്തപുരം: ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നതും മതസ്‌പർദ്ധ വളർത്തുന്നതുമായ കുപ്രചാരണങ്ങൾ നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ശിവദാസൻ എന്നയാൾ ശബരിമലയിൽ പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടതായി വാർത്ത പ്രചരിക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതി പോലും ഇത്തരം വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കുകയുണ്ടായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോ പൊലീസ് അന്വേഷണ റിപ്പോർട്ടോ ഇല്ലാതെ സംഘപരിവാർ നുണപ്രചാരണം നടത്തുന്നത് നിഷ്‌കളങ്കതകൊണ്ടോ ഭക്തികൊണ്ടോ അല്ല. അഭിഭാഷകൻകൂടിയായ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ഈ നുണക്കഥയുടെ പേരിൽ ഹർത്താൽ നടത്താൻ ആഹ്വാനം ചെയ്തതിലൂടെ ഇതിനു പിന്നിൽ ബോധപൂർവമായ കലാപ ശ്രമമുണ്ടെന്നത് വ്യക്തമാണ്. ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം ഗൗരവത്തിലെടുക്കണം. ശബരിമല വിഷയത്തിൽ തന്റേതല്ലാത്ത പ്രസ്താവനകൾ പ്രചരിപ്പിക്കപ്പെടുന്നതും പതിവായി മാറി. ഇത്തരം സാമൂഹ്യ ദ്രോഹികളെ നിലവിലുള്ള നിയമങ്ങളുടെ പിൻബലത്തിൽത്തന്നെ അറസ്റ്റു ചെയ്ത് അന്വേഷണം നടത്താൻ പൊലീസ് തയ്യാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.