rape

ലക്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടമാനംഭംഗത്തിനിരയാക്കി. വീട്ടിന് സമീപത്തെ കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്ര വേശിപ്പിച്ച പെൺകുട്ടിയെയാണ് അഞ്ച് ആശുപത്രി ജീവനക്കാർ ചേർന്ന് കെട്ടിയിട്ട് ക്രൂര ലൈംഗികപീഡനത്തിനിരയാക്കിയത്. ഒരാളെ അറസ്റ്റുചെയ്തു. മറ്റ് നാലുപേർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അ‌ഞ്ച് ദിവസം മുമ്പാണ് പാമ്പുകടിയേറ്ര് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന കുട്ടിയെ ഐ.സി.യുവിലേക്ക് മാറ്റിയപ്പോൾ മയങ്ങുന്നതിനുളള കുത്തിവയ്പ് നൽകിയശേഷം കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു. കൂട്ടിരിപ്പിനുണ്ടായ സഹോദരി പുറത്തുപോയപ്പോഴാണ് സംഭവം നടന്നത്. ഐ.സി.യുവിൽ നിന്ന് ജനറൽ വാർഡിലേക്ക് മാറ്റിയ ശേഷമാണ് സംഭവം പെൺകുട്ടി മുത്തശ്ശിയെ അറിയിച്ചത്. രാത്രി ഐ.സി.യുവിൽ താൻ ഒറ്റയ്ക്കായിരുന്നപ്പോൾ ആശുപത്രി യൂണിഫോമിലെത്തിയ അഞ്ചുപേരെത്തി ബലമായി കുത്തിവച്ചെന്നും പ്രതിരോധിച്ചപ്പോൾ കൈകൾ കെട്ടിവച്ച് പീഡിപ്പിക്കുകയായിരുന്നെന്നും പെൺകുട്ടി പറഞ്ഞു. തുടർന്ന് മുത്തശ്ശിയാണ് സംഭവം പൊലീസിൽ അറിയിച്ചത്. മാനഭംഗത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. പ്രതികളിൽ ഒരാൾ നഴ്സിംഗ് അസിസ്റ്റന്റും നാലുപേർ ക്ലീനിംഗ് ജീവനക്കാരുമാണ്.