പത്തനംതിട്ട: ചിത്തിര ആട്ടത്തിരുന്നാളിന് നാളെ ശബരിമല നട തുറക്കാനിരിക്കെ പ്രതിഷേധക്കാരെ പൂട്ടാൻ ഡിജിറ്റൽ കെണിയൊരുക്കി കേരളാ പൊലീസ്. യുവതി പ്രവേശവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ ഉൾപ്പെട്ട 'പ്രശ്‌നക്കാർ' വീണ്ടുമെത്തിയാൽ എളുപ്പം കണ്ടെത്താനുള്ള ഫേസ് ഡിറ്റക്ഷൻ സാങ്കേതിക വിദ്യയാണ് പൊലീസ് ഉപയോഗിക്കുന്നത്. പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ നാനുറോളം പേരുടെ ചിത്രങ്ങൾ പുതിയതായി സ്ഥാപിക്കുന്ന ഫേസ് ഡിറ്റക്ഷൻ ക്യാമറകളിൽ സ്ഥാപിച്ചിട്ടുണ്ട്. വീഡിയോയിൽ പതിയുന്ന ഒാരോ മുഖവും കമ്പ്യൂട്ടർ സ്വയം വിലയിരുത്തുന്ന സാങ്കേതിക വിദ്യയാണ് ഫേസ് ഡിറ്റക്ഷൻ.
പുതിയതായി സ്ഥാപിക്കുന്ന 22 ക്യാമറകളിൽ 12 എണ്ണത്തിലാണ് ഫേസ് ഡിറ്റക്ഷൻ ഉള്ളത്. ഇത് ആൾക്കാരുടെ ഉയരത്തിനൊപ്പിച്ച് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ പൊലീസ് സ്ഥാപിച്ചു. മുമ്പ് കേസിൽ പെട്ടവർ പമ്പ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ എത്തിയാൽ ഫേസ് ഡിറ്റക്ഷൻ ക്യാമറ സോഫ്‌റ്റ്‌വെയർ ഉടൻ പൊലീസിന് അറിയിപ്പ് നൽകും. താടിയുടെയോ മുടിയുടെയോ രീതി മാറ്റിയാൽ പോലും ഫേസ് ഡിറ്റക്ഷൻ ക്യാമറകളെ വെട്ടിക്കാൻ പറ്റില്ല.
അതേസമയം, പരമാവധി ആളുകളെ സന്നിധാനത്ത് എത്തിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് ബി.ജെ.പി വിവിധ ഹിന്ദു സംഘടനകളും തീരുമാനിച്ചിരിക്കുന്നത്.