social-media

കൽപറ്റ: ഉറ്റസുഹൃത്തുക്കളും സഹപാഠികളുമായ പ്ലസ് വൺ വിദ്യാർത്ഥികൾ അടുത്തടുത്ത മാസങ്ങളിൽ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ സോഷ്യൽ മീഡിയയിലെ മരണഗ്രൂപ്പുകളെന്ന് പൊലീസ്. മരിച്ച വിദ്യാർഥികൾ ഇൻസ്​റ്റഗ്രാമിലും ഫേസ്ബുക്കിലും ഫോളോ ചെയ്തിരുന്ന പേജുകളും ഗ്രൂപ്പുകളുമാണ് ഇവരുടെ ആത്മഹത്യക്കുപിന്നിൽ ഇത്തരം പേജുകൾക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ്​ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. മരണത്തിന്റെയും ഏകാന്തതയുടെയും മഹത്വത്തെക്കുറിച്ചും ജീവിതത്തിന്റെ നിരർത്ഥകതയെക്കുറിച്ചുള്ള പോസ്റ്റുകളാണ് ഇവരുടെ പേജുകളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നത്.

കഴിഞ്ഞയാഴ്ച കണിയാമ്പറ്റ സ്വദേശിയായ മുഹമ്മദ് ഷമ്മാസ് (17) തൂങ്ങിമരിച്ചതിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയിൽ കമ്പളക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഷമ്മാസിന്റെ സുഹൃത്തായ കമ്പളക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (17) കഴിഞ്ഞ മാസം ആത്മഹത്യചെയ്തിരുന്നു. രണ്ടുപേരും ഉച്ചത്തിൽ പാട്ടുവെച്ചാണ് തൂങ്ങിമരിച്ചത്. ഒരു വിദ്യാർത്ഥി മരിക്കുന്നതിനു മുമ്പ് സുഹൃത്തുക്കൾക്ക് ‘ട്രീറ്റ്’ നൽകിയിരുന്നു.

മുഹമ്മദ് ഷെബിന്റെ മരണവിവരമറിഞ്ഞ് ‘പെട്ടെന്നു തന്നെ നിന്റെയടുത്തേക്കു വരികയാണ്’ എന്നാണ് മുഹമ്മദ് ഷമ്മാസ് പോസ്റ്റിട്ടത്. ആത്മഹത്യ ചെയ്തതിന്റെ തലേ ദിവസം, ‘ഞാൻ മരിച്ചാൽ നീ എന്നെ കാണാൻ വരുമോ’ എന്ന് മറ്റൊരു സുഹൃത്തിന് വാട്സാപ് സന്ദേശം അയയ്ക്കുകയും ചെയ്തു. വിഷാദരോഗത്തിലേക്കു നയിക്കുന്ന ചില മ്യൂസിക് വീഡിയോകളുടെ ആരാധകരായിരുന്നു ഇവരെന്നും പറയപ്പെടുന്നു.

മുഹമ്മദ് ഷെബിൻ മരിക്കുന്നതിന് ഒരാഴ്ച മുൻപ് പനമരം സ്വദേശിയായ നിസാം (16) വീടുവിട്ടിറങ്ങി മാനന്തവാടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ചിരുന്നു. സ്കെച്ച് പെൻ ഉപയോഗിച്ച് 5 പേരുകൾ ചുമരിൽ കുറിച്ച ശേഷമായിരുന്നു ആത്മഹത്യ. ഷമ്മാസിന്റെയും ഷെബിന്റെയും സുഹൃത്താണ് നിസാമെന്നും സൂചനയുണ്ട്.

ഇവരുടെ മറ്റൊരു സുഹൃത്ത് കഴിഞ്ഞദിവസം രാത്രി 11ഓടെ ഇൻസ്​റ്റഗ്രാമിൽ മരണത്തെ സൂചിപ്പിക്കുന്ന വരികൾ പോസ്​റ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ ബന്ധുക്കളെ വിവരമറിയിച്ചു. രാവിലെതന്നെ വിദ്യാർത്ഥിയുമായി രക്ഷകർത്താക്കൾ കമ്പളക്കാട് പൊലീസ്​ സ്​റ്റേഷനിലെത്തി.​ കുട്ടിയെ ബോധവത്കരിക്കുകയും ചെയ്തശേഷമാണ് തിരിച്ചയച്ചത്.

സുഹൃത്തുക്കളുടെ മരണമുണ്ടാക്കിയ ആഘാതമാണ് ഇത്തരത്തിൽ ഒരു പോസ്​റ്റിടാൻ കാരണമെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. പിന്നാലെ, ഇവരുടെ മറ്റുസുഹൃത്തുക്കളെയും പൊലീസ്​ സ്​റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇവരുടെ 13 സുഹൃത്തുക്കൾ കൂടി ഇത്തരം ഗ്രൂപ്പുകളിൽ ഉണ്ടെന്ന് മുഹമ്മദ് ഷമ്മാസിന്റെ മറ്റു കൂട്ടുകാർ വെളിപ്പെടുത്തിയിട്ടുണ്ടെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഷമ്മാസിന്റെ ബന്ധുവും കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റുമായ ഹംസ കടവൻ പറഞ്ഞു.

സംഘത്തിലെ മറ്റു കുട്ടികളെ കണ്ടെത്തി മനഃശാസ്ത്രജ്ഞരുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ കൗൺസലിംഗ് നൽകാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.