വാഷിംഗ്ടൺ: ഇറാനെ കടുത്ത സാമ്പത്തിക- രാഷ്ട്രീയ പ്രതിരോധത്തിലാക്കുന്ന തരത്തിൽ യു.എസ്. കൊണ്ടുവരുന്ന ഉപരോധം ഇന്നുമുതൽ പ്രാബല്യത്തിൽവരും. ഇതുവരെ ഇല്ലാത്ത വിധം കർശന വ്യവസ്ഥകളാണ് അമേരിക്ക ഇറാനുമേൽ ചുമത്തിയിരിക്കുന്നത്. 'ഉപരോധം വരുന്നു" എന്നെഴുതിയ സ്വന്തം ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ രാഷ്ട്രീയ യുദ്ധത്തിന് തുടക്കമിട്ടത്.
ഇറാൻ ആണവക്കരാർ നിലവിൽ വന്ന 2015ൽ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയാണ് ഇറാനുമേലുള്ള ഉപരോധവ്യവസ്ഥകളിൽ ഇളവു നൽകിയത്. ഇറാൻ ആണവ സമ്പുഷ്ടീകരണ പദ്ധതികൾ നിറുത്തിവെക്കുമെന്നായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. എന്നാൽ ഇറാൻ പദ്ധതികളുമായി മുന്നോട്ടു പോകുന്നെന്ന് ആരോപിച്ച് ഈ വർഷം മേയിൽ യു.എസ്. കരാറിൽനിന്ന് പിൻവാങ്ങിയിരുന്നു. പിന്നാലെയാണ് കർശനമായ വ്യവസ്ഥകളോടെ ഉപരോധം പുനഃസ്ഥാപിക്കാൻ യു.എസ്. ഒരുങ്ങുന്നത്. എന്നാൽ ഇന്ത്യയടക്കം എട്ടു രാജ്യങ്ങൾക്ക് ഇറാനിൽനിന്ന് എണ്ണ ഇറക്കുമതിചെയ്യാനുള്ള അനുമതി യു.എസ്. നൽകിയിട്ടുണ്ട്.