കൊച്ചി: പ്രളയവും പ്രകൃതിക്ഷോഭവും തകർത്ത ഇടുക്കിയിലെ ഒരു ലക്ഷത്തിലേറെ കർഷകർക്ക് കൃഷി പുനരാരംഭിക്കാൻ മണർകാട് സർവീസ് സൊസൈറ്റി പദ്ധതി നടപ്പാക്കുന്നു. കുരുമുളകും ഏലവും കാപ്പിയും ഉൾപ്പെടെ രണ്ടു ലക്ഷം തൈകൾ കർഷകർക്ക് നട്ടുനൽകും. മുഴുവൻ വിളവും സൊസൈറ്റി ഏറ്റെടുത്ത് വിപണനം നിർവഹിച്ച് കർഷകർക്ക് വരുമാനം ഉറപ്പാക്കും.
ഇടുക്കിയിലെ ഇടിഞ്ഞമല ആസ്ഥാനമായ സൊസൈറ്റി (മാസ്) യിൽ 5,900 കർഷകർ അംഗങ്ങളാണ്. റീബിൽഡ് കേരള 2021പദ്ധതിയുടെ ഉദ്ഘാടനം രാജ്യത്തെ നൂറിലേറെ ജൈവകർഷകരുടെ സാന്നിദ്ധ്യത്തിൽ ഈമാസം 26 ന് ഇടിഞ്ഞമലയിൽ നടക്കും. ജൈവരീതിയിൽ തയ്യാറാക്കിയ സുഗന്ധവിളകളുടെ രണ്ടു ലക്ഷം തൈകൾ നടുമെന്ന് മാസ് പ്രസിഡന്റ് ബിജുമോൻ കുര്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിലെ രണ്ട് മുനിസിപ്പാലിറ്റികളിലും 52 പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും. മൂന്നു വർഷത്തിനകം പത്തു ലക്ഷം തൈകൾ നട്ട് ഇടുക്കിയെ ജൈവകൃഷിയുടെ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. സുഗന്ധവ്യഞ്ജനങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, കാപ്പി, കൊക്കോ തുടങ്ങിയവയുടെ തൈകളാണ് സൗജന്യമായി നൽകുക. വിളകൾ മാസിന്റെ വിപണനസ്ഥാപനമായ പ്ലാന്റ് റീച്ച് വാങ്ങും.
2021ൽ പൂർത്തീകരിക്കുന്ന വിധത്തിൽ മൂന്നു വർഷം കൊണ്ട് ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിൽ ജൈവകൃഷിക്കു പുറമെ ഇക്കോ ടൂറിസം, ജൈവവിപണനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യാന്തര തലത്തിൽ ഫെയർട്രേഡ് മാതൃകയിൽ പ്രവർത്തിക്കുന്ന 5900 കർഷകരുടെ സഹകരണ പ്രസ്ഥാനമാണ് മാസ്. മാസിന്റെ നിരവധി ജൈവ ഉത്പന്നങ്ങൾ ഓൺലൈനിലൂടെയും നേരിട്ടും വിപണനം ചെയ്യുന്നുണ്ട്.