റാംപുർ: അയോദ്ധ്യയിൽ നിർമ്മിക്കാനൊരുങ്ങുന്ന ശ്രീരാമന്റെ പ്രതിമയ്ക്ക് ഗുജറാത്തിലെ സർദാർ പട്ടേൽ പ്രതിമയെക്കാൾ ഉയരം വേണമെന്ന് സമാജ് വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ അസം ഖാൻ ആവശ്യപ്പെട്ടു.
പ്രതിമ നിർമ്മാണം സംബന്ധിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തോടാണ് അസം ഖാൻ പ്രതികരിച്ചത്. അയോദ്ധ്യയിൽ 151 മീറ്റർ ഉയരത്തിൽ ശ്രീരാമ പ്രതിമ നിർമ്മിക്കുമെന്ന് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സരയു നദിക്കരയിലാകും പ്രതിമ നിർമ്മിക്കുക എന്നായിരുന്നു പ്രഖ്യാപനം. സർദാർ പട്ടേലിന്റെ പ്രതിമ നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിലും എന്തുകൊണ്ട് രാമ പ്രതിമാ നിർമ്മാണത്തെക്കുറിച്ച് ചിന്തിച്ചില്ലെന്നും അസം ഖാൻ ചോദിച്ചു.
ശ്രീരാമ പ്രതിമ നിർമ്മാണം സംബന്ധിച്ച പ്രഖ്യാപനം ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഉണ്ടാകുമെന്നാണ് സൂചന.