തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വെെറലായ ഫോട്ടോഷൂട്ടിനെ ട്രോളിക്കൊന്ന് കേരളാ പൊലീസ്. ഒരു ഫോട്ടോ ഷൂട്ട് വിപ്ലവം എന്ന ക്യാപ്ഷനോടെ കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ ഫോട്ടോഷൂട്ടിനെ പൊളിച്ചടുക്കിയത്. ഉത്തരേന്ത്യയിൽ ഉൾപ്പെടെ രാജ്യമൊട്ടാകെ അയ്യപ്പഭക്തനെ പൊലീസ് മർദ്ദിക്കുന്നു എന്ന തരത്തിലായിരുന്നു ഈ ചിത്രം ഉപയോഗിച്ചത്.
അയ്യപ്പ വിഗ്രഹവും ഇരുമുടിക്കെട്ടുമായി നിൽക്കുന്ന ഭക്തന്റെ നെഞ്ചിൽ പൊലീസ് ചവിട്ടുന്നതും, അയാൾ ലാത്തി പിടിച്ചുവയ്ക്കുന്ന ഒരു ഫോട്ടോയും അയ്യപ്പ ഭക്തന്റെ കഴുത്തിൽ അരിവാൾ വയ്‌ക്കുന്ന ചിത്രവുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഈ ചിത്രം സോഷ്യൽ മീഡിയയിലും സമൂഹത്തിലും വ്യാപകമായി തെറ്റിദ്ധാരണ പരത്തിയ സാഹചര്യത്തിലാണ് മാരക ട്രോളുമായി കേരളാ പൊലീസ് രംഗത്തെത്തിയത്.