കോഴിക്കോട്: തുടർച്ചയായ രണ്ടു സമനിലകൾക്ക് ശേഷം വിജയം തേടിയിറങ്ങിയ ഗോകുലം കേരള എഫ്.സിയെ ചെന്നൈ സിറ്റി 3-2 ന് പരാജയപ്പെടുത്തി. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നെയ്ക്ക് വേണ്ടി പ്രവിറ്റോ രാജു, പെഡ്രോ യാവിയർ മൻസി, അമറുദ്ദിൻ ഹാജ എന്നിവർ ഗോൾ നേടി. അന്റോണിയോ ജെർമൻ, സുഹൈൽ എന്നിവരാണ് ഗോകുലത്തിന് വേണ്ടി ഗോൾ നേടിയത്.
ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഗോകുലമാണ് ആദ്യഗോൾ വല കുലുക്കിയത്. രണ്ടാം മിനിട്ടിൽ ബൈസൈക്കിൾ കിക്കിലൂടെ ഗോകുലത്തിന്റെ അർജുൻ ഗോളടിക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈയുടെ ഡിഫൻഡർ റോബർട്ടോ ഫൗൾ ചെയ്തതിനെത്തുടർന്ന് റഫറി ഗോകുലത്തിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. . ഇത് അന്റോണിയോ ജർമൻ വലയിൽ എത്തിക്കുകയായിരുന്നു. 22-ാം മിനിട്ടിൽ പ്രവിറ്റോ രാജുവിലൂടെ ചെന്നൈ തിരിച്ചടിച്ചു. പത്ത് മിനിട്ടിനുള്ളിൽ ചെന്നൈ പെഡ്രോ യാവിയർ മൻസിയിലൂടെ ഗോകുലം ലീഡ് നേടി. സ്കോർ 2-1.
രണ്ടാാകുതിയുടെ 67-ാം മിനിട്ടിൽ ചെന്നൈ മൂന്നാംഗോൾ നേടി. അമറുദ്ദിനാണ് ചെന്നൈയ്ക്കായി ഗോളടിച്ചത്. തൊട്ടടുത്ത മിനിട്ടിൽതന്നെ മലയാളിതാരം സുഹൈലിലൂടെ ഗോകുലം തിരിച്ചടിച്ചു. ബോക്സിന് പുറത്ത് നിന്നുള്ള കിക്ക് ചെന്നൈയുടെ ഡിഫൻഡർമാർക്കിടയിലൂടെ ഗോൾ വലയിലെത്തുകയായിരുന്നു. 87-ാം മിനട്ടിൽ ഗോകുലത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മൂസയുടെ കിക്ക് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോകുകയായിരുന്നു.
മൂന്നുമത്സരങ്ങളിൽ നിന്ന് ഏഴുപോയിന്റുമായി ചെന്നൈ ലീഗിൽ ഒന്നാമതാണ്. രണ്ടു ജയവും ഒരു സമനിലയുമാണ് ചെന്നൈ നേടിയത്. ഗോകുലം ആദ്യരണ്ടു മത്സരങ്ങളിൽ മോഹൻബഗാനെതിരെയും നെരോക്ക എഫ്.സിക്കെതിരെയും സമനിലനേടിയിരുന്നു.