ബെയ്ജിംഗ്: ഇന്ത്യയുമായുള്ള സുപ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ പാകിസ്ഥാൻ കൈക്കൊള്ളുന്ന നിലപാടുകളെ പിന്തുണയ്ക്കുന്നതായി ചൈന പ്രഖ്യാപിച്ചു. കാശ്മീർ വിഷയം എടുത്ത് പരാമർശിക്കാതെയാണ് ചൈന ഇക്കാര്യം പറഞ്ഞത്. ഭീകര വിരുദ്ധ പ്രവർത്തനങ്ങളിലും ആണവ വിതരണ സംഘത്തിൽ പാക് അംഗത്വം സംബന്ധിച്ചും പാകിസ്ഥാന് പിന്തുണ നൽകുമെന്നും ചൈന അറിയിച്ചു. ചൈനയുമായുള്ള ഉഭകക്ഷി ചർച്ചയ്ക്കായി ഇന്നലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചൈനയിലെത്തിയത്. ചർച്ചയിലൂടെയും സഹകരണത്തിലൂടെയും സമാധാനത്തിനായി പാകിസ്ഥാൻ നടത്തുന്ന പ്രവർത്തനങ്ങളെയും ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താൻ കൈക്കൊള്ളുന്ന തീരുമാനങ്ങളെയും അഭിനന്ദിക്കുന്നതായി സംയുക്തപ്രസ്താവനയിൽ ചൈന വ്യക്തമാക്കുന്നു. ആണവ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ കൈക്കൊള്ളുന്ന നിലപാട് മികച്ചതാണെന്നും ചൈന അഭിപ്രായപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് 600 കോടി ഡോളർ ധനസഹായം ചൈന വാഗ്‌ദ്ധാനം ചെയ്തിരുന്നു.