sabarimala

ശബരിമല: പമ്പയിലേക്ക് പ്രവേശനം നൽകിയ മാദ്ധ്യമപ്രവർത്തകരെ ത്രിവേണി പാലത്തിന് സമീപം പൊലീസ് വീണ്ടും തടഞ്ഞു. മാദ്ധ്യമ പ്രവർത്തകരുടെ വാഹനങ്ങൾക്ക് ത്രിവേണി പാലം വരെ മാത്രമേ അനുമതി ഉള്ളൂവെന്ന് പറഞ്ഞാണ് തടഞ്ഞത്. വാഹനങ്ങൾ പാലത്തിനപ്പുറം കടത്തിവിടില്ലെന്നും വാഹനങ്ങൾ പാലത്തിന് സമീപം ഇട്ടശേഷം നടന്ന് പമ്പയിലെത്താനും പൊലീസ് മാദ്ധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. നാളെ രാവിലെ ആറുമണിക്ക് വാഹനങ്ങൾ കടത്തിവിടാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഡി.എസ്.എൻ.ജി ഉൾപ്പെടെയുള്ള വാഹനങ്ങളാണ് തടഞ്ഞത്. നേരത്തെ കർശന പരിശേധനകൾക്ക് ശേഷം രാത്രി എട്ടരയോടെ പൊലീസ് മാദ്ധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. അതിനിടെയിലാണ് പുതിയ സംഭവ വികാസങ്ങൾ

ചിത്തിര ആട്ട പൂജയ്ക്കായി ശബരിമല നട നാളെ തുറക്കാൻ ഇരിക്കെ മാദ്ധ്യമങ്ങൾക്ക് പമ്പയിലേക്ക് പ്രവേശിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നില്ല. നിലയ്ക്കൽ വരെമാത്രമാണ് മാദ്ധ്യമങ്ങൾക്ക് പ്രവേശിക്കാൻ അനുമതി ഉണ്ടായിരുന്നത്. മാദ്ധ്യമങ്ങളെ കടത്തിവിടാത്തതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

നേരത്തെ, മാദ്ധ്യമങ്ങളെ വിലക്കിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരന്ദ്രനും ഡി.ജി.പി ലോക്നാഥ് ബഹ്റയും വ്യക്തമാക്കിയിട്ടും ശബരിമലയുടെ പരിസര പ്രദേശങ്ങളിൽ മാദ്ധ്യമ പ്രവർത്തകർക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. നിലയ്ക്കലിൽനിന്നു പമ്പയിലേക്ക് കടത്തിവിടില്ലെന്നാണ് അറിയിച്ചിരുന്നത്. ഐജി അശോക് യാദവാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.
ശബരിമലയിൽ മാധ്യമങ്ങൾക്കു വിലക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് ഗുരുവായൂരിൽ വച്ചും ആവർത്തിച്ചിരുന്നു. സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനാണ് തുടക്കത്തിൽ മാദ്ധ്യമങ്ങളെ കടത്തിവിടാതിരുന്നതെന്നാണു വിശദീകരണം.

മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തില്ലെന്ന് രാവിലെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായാൽ ഉടൻ മാദ്ധ്യമങ്ങളെ കടത്തിവിടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. കഴിഞ്ഞ തവണ മാദ്ധ്യമപ്രവർത്തകരെ പ്രതിഷേധക്കാർ ആക്രമിച്ചത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

അതേസമയം, പരമാവധി ആളുകളെ സന്നിധാനത്ത് എത്തിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് ബി.ജെ.പിയും വിവിധ ഹിന്ദു സംഘടനകളും തീരുമാനിച്ചിരിക്കുന്നത്.