kt-jaleel
kt jaleel

കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീൽ ഇന്നലെ രാവിലെ പത്രസമ്മേളനം നടത്തി നിരത്തിയ ന്യായീകരണങ്ങളെ തള്ളിക്കളഞ്ഞ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി. കെ. ഫിറോസ് രംഗത്ത് എത്തി.

ഉന്നതതല നിയമനങ്ങളെ സം‌ബന്ധിച്ച സർക്കാർ ഉത്തരവിന്റെ കടുത്ത ലംഘനമാണ് നടന്നത്. 2016 ഒക്ടോബർ 13 ന് ചേർന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ 15ന് ഉത്തരവായി ഇറങ്ങിയിട്ടുണ്ട്. ''പൊതുമേഖലാ സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മാനേജിംഗ് ഡയറക്ടർ, ജനറൽ മാനേജർ എന്നീ ഉന്നതതല ഉദ്യോഗസ്ഥ നിയമനങ്ങൾ നടത്തുമ്പോൾ വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കുക, ദേശീയ തലത്തിൽ അംഗീകാരമുള്ള സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെടുന്ന വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി അവരുടെ ശുപാർശ പ്രകാരം തിരഞ്ഞെടുപ്പ് നടത്തുക, സുതാര്യതയും നിഷ്പക്ഷതയും ഉറപ്പ് വരുത്തി പ്രൊഫഷണലുകളെ നിയമിക്കുന്നതിന് നിയമനിർമാണം നടത്തുക'' എന്നീ കാര്യങ്ങളാണ് ഉത്തരവിൽ പറയുന്നത്

മന്ത്രി ജനങ്ങളെ നുണകൊണ്ട് കബളിപ്പിക്കുകയാണ്. റീനോട്ടിഫൈ ചെയ്താൽ ആളുകൾ വരില്ലെന്ന് തോന്നിയതിനാൽ ചെയ്തില്ലെന്നാണ് മന്ത്രി പറയുന്നത്. ശമ്പളം മാത്രമുള്ളത് കൊണ്ടാണ് ആളുകൾ വരാത്തതെന്നും മറ്റ് അലവൻസുകൾ ഇല്ലെന്നും മന്ത്രി പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ അലവൻസ് ഉണ്ടെന്നാണ് പറയുന്നത്. ഇതിലേതാണ് സത്യമെന്ന് വ്യക്തമാക്കണം. ഏഴ് ഉദ്യോഗാർത്ഥികളുടെയും യോഗ്യതാ വിവരങ്ങൾ പുറത്ത് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലിം ലീഗുകാർ ലോൺ തിരിച്ചടയ്ക്കാത്തതിനാലാണ് യൂത്ത് ലീഗ് ഇൗ ആരോപണവുമായി വന്നതെന്ന് മന്ത്രി പറയുന്നു. കിട്ടാക്കടം തിരിച്ച് പിടിക്കാനാണോ അദീബിനെ നിയമിച്ചതെന്ന് ഫിറോസ് ചോദിച്ചു. സർക്കാരിന്റെ പണം വാങ്ങി തിരിച്ചടയ്ക്കാത്തത് ആരായാലും നടപടിയെടുക്കണമെന്നാണ് യൂത്ത് ലീഗിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് കോഴിക്കോട് മൈനോറിറ്റി ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫീസ്, സെക്രട്ടേറിയറ്റ്, ജലീലിന്റെ എം.എൽ.എ ഓഫീസ് എന്നിവിടങ്ങളിലേക്ക് മാർച്ച് നടത്തും. വിജിലൻസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇനി ഗവർണറെ കാണുമെന്നും അദ്ദേഹം പറഞ്ഞു.