accident

ആലപ്പുഴ: എ.സി റോഡിൽ വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറിനു തീപിടിച്ച് വനിതാ ഡോക്ടർ മരിച്ചു. കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡിൽ പോക്കോട് ലക്ഷ്മി നിവാസിൽ (ഹൗസ് നമ്പർ 6/260-എ) കോട്ടൂളി കുട്ടീസ് ക്ലിനിക്ക് ഡയറക്ടർ ഡോ. പ്രസന്നകുമാറിന്റെ മകൾ ഡോ.പാർവതിയാണ് (25) മരിച്ചത്. അമ്മ ഡോ. ശോഭ കോഴിക്കോട് മെഡിക്ക‍ൽ കോളേജ് ഓർത്തോ ഡന്റൽ വിഭാഗം മേധാവിയാണ്. ഇവരുടെ ഏകമകളാണ് പാർവതി. കാർ ഓടിച്ചിരുന്ന കോഴിക്കോട് വെസ്റ്റ് ഹിൽ അദനിക്കൽ വെസ്റ്റ് നാരങ്ങാലി തയ്യിൽ സുരേഷ് ബാബുവിന്റെ മകൻ ഡോ.നിതിൻ ബാബുവിനെ (26) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ നിന്ന് ഒരു കിലോമീറ്ററോളം കിഴക്ക്, എ.സി​ റോഡി​ൽ പള്ളാത്തുരുത്തി പാലത്തിന് സമീപം ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ടൂറിസ്റ്റ് ബസ് പുനലൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. സഹപാഠിയുടെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ഡോ.പാർവതി. പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് ബസുമായി ഇടിച്ച കാർ റോഡിന് കുറുകെ വീഴുകയും തീ പിടിക്കുകയുമായിരുന്നു. ബസ് യാത്രക്കാരായിരുന്നു ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് ആലപ്പുഴയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. അധികം വൈകാതെ സൗത്ത് പൊലീസും സ്ഥലത്തെത്തി. കാറിൽ കുരുങ്ങിയ പാർവതിയെയും നിതിൻബാബുവിനേയുേം പൊലീസ് വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പാർവതി യാത്രാ മദ്ധ്യേ മരിച്ചു. നിതിൻബാബുവിന്റെ തലയ്ക്കാണ് പരിക്ക്. പാർവതിയുടെ മൃതദേഹം മെഡി. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

കൊച്ചി അമൃതാമെഡിക്കൽകോളേജിൽ നിന്നും എം.ബി.ബി.എസ് പാസായ പാർവതി കൊച്ചിയിലെ പരിശീലന കേന്ദ്രത്തിൽ പി.ജി.എൻട്രൻസിന് തയ്യാറെടുക്കുകയായിരുന്നു. സംസ്കാരം മാവൂർറോഡ് പൊതുശ്മശാനത്തിൽ നടന്നു.