കൊൽക്കത്ത : വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി -20യിൽ മികച്ച ബൗളിംഗ് കാഴ്ചവച്ച് സന്ദർശകരെ 109/8 എന്ന സ്കോറിൽ ഒതുക്കിയ ഇന്ത്യ മറുപടി ബാറ്റിംഗിൽ ഒന്നുവിറച്ചശേഷം വിജയം കൊയ്തു. 110 റൺസ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 45 റൺസെടുക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്.എന്നാൽ ദിനേഷ് കാർത്തികും (31നോട്ടൗട്ട്),മനീഷ് പാണ്ഡേയും (19),ക്രുനാൽ പാണ്ഡ്യയും ( 21നോട്ടൗട്ട്) ചേർന്ന് 17.5ഒാവറിൽ ഇന്ത്യയെ അഞ്ചുവിക്കറ്റ് വിജയത്തിലെത്തിച്ചു.
നായകൻ രോഹിത് ശർമ്മയെ (6) ആദ്യ ഓവറിന്റെ അവസാന പന്തിൽ ഒഷാനെ തോമസ് പുറത്താക്കി.മൂന്നാം ഓവറിൽ ശിഖർ ധവാനും (3) തോമസിന് കീഴടങ്ങി. ആറാം ഓവറിൽ ഋഷഭ്പന്തും (1) എട്ടാം ഓവറിൽ ലോകേഷ് രാഹുലും (16) കാർലോസ് ബ്രാത്ത് വെയ്റ്റിന്റെ പന്തിൽ ബ്രാവോയ്ക്ക് കാച്ച് നൽകുകയായിരുന്നു.
ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ രോഹിത് ശർമ്മ വിൻഡീസിനെ ആദ്യ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. കെയ്റോൺ പൊള്ളാഡും ഡാരൻ ബ്രാവോയുമടക്കമുള്ള വമ്പന്മാരുമായി ഇറങ്ങിയിട്ടും വിൻഡീസിന് ബാറ്റിംഗിൽ പ്രതീക്ഷിച്ച മികവ് പുലർത്താനായില്ല. മൂന്നാം ഓവറിൽ ഉമേഷ് യാദവ് തുടങ്ങിവച്ച വിക്കറ്റ് വേട്ട തുടർന്ന് ബുംറയും അരങ്ങേറ്റക്കാരൻ ക്രുനാൽ പാണ്ഡ്യയും കുൽദീപ് യാദവും ഖലീൽ അഹമ്മദും ചേർന്ന് പൂർത്തിയാക്കുകയായിരുന്നു.
ഷാനേ ഹോപ്പും (14), ദിനേഷ് രാംദിനും (2) ചേർന്നാണ് ഓപ്പണിംഗിനെത്തിയത്. മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഉമേഷ് യാദവ് രാംദിനെ കിപ്പർ ദിനേഷ് കാർത്തിക്കിന്റെ കൈയിലെത്തിച്ചു. നാലാം ഓവറിന്റെ ആദ്യ പന്തിൽ ഹോപ്പ് റൺ ഔട്ടായി. അടുത്ത ഓവറിൽ ബുംറ ഹെട്മെയറെ (10) പുറത്താക്കിയതോടെ സന്ദർശകർ 28/3 എന്ന നിലയിലായി.
തുടർന്ന് അല്പനേരം പൊള്ളാഡും (14) ബ്രാവോയും (5) പിടിച്ചുനിന്നു. 10-ാം ഓവറിൽ പൊള്ളാഡിനെ മനീഷ് പാണ്ഡെയുടെ കൈയിലെത്തിച്ച് ക്രുനാൽ പാണ്ഡ്യ അരങ്ങേറ്റ വിക്കറ്റ് ആഘോഷിച്ചു. 11-ാം ഓവറിൽ ബ്രാവോയെ വീഴ്ത്തി കുൽദീപ് തുടങ്ങി, 13-ാം ഓവറിൽ റോപ്മാൻ പവലും (4), 15-ാം ഓവറിൽ ക്യാപ്ടൻ കാർലോസ് ബ്രാത്ത്വെയ്റ്റും (4) കുൽദീപിന് കീഴടങ്ങി.
അവസാന ഓവറുകളിൽ വീശിയടിക്കാനൊരുങ്ങിയ ഫാബിയൻ അല്ലനെ (27) 18-ാം ഓവറിൽ ഖലീൽ അഹമ്മദ് മടക്കി അയച്ചു. അല്ലനാണ് വിൻഡീസ് ടോപ് സ്കോറർ. കീമോ പോൾ 15 റൺസുമായും പിയറി ഒൻപത് റൺസുമായും പുറത്താകാതെ നിന്നു.