സോൾ∙ ഉത്തരകൊറിയയ്ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ആണവ മിസൈലുകളുടെ നിർമാണം പുനഃരാരംഭിക്കുമെന്ന് കിം ജോങ് ഉൻ. യുഎസ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ മറുപടി ഉണ്ടായില്ലെങ്കിൽ പഴയ ആണവ നയത്തിലേക്കു തിരികെപ്പോകുമെന്നത് ആലോചിക്കുമെന്നും ഉത്തരകൊറിയൻ ഭരണാധികാരി വ്യക്തമാക്കി.
സാമ്പത്തിക വികസന പ്രക്രിയകൾക്കൊപ്പം ആണവായുധ മേഖലയിലും പുരോഗതി കൈവരിക്കുകയെന്ന നയമായിരുന്നു ഉത്തരകൊറിയയിൽ പ്രയോഗത്തിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ അതിനു മാറ്റം വന്നു. കൊറിയൻ മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആണവായുധ നിർമ്മാണത്തിൽ നിന്ന് പിൻമാറുകയാണെന്ന് കിം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഈ തീരുമാനം മാറ്റി വീണ്ടും പഴയ നയത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയത്തിന്റേതായി കെസിഎൻഎ വാർത്താ ഏജൻസി പുറത്തുവിട്ട റിപ്പോർട്ട്. ജൂണിൽ സിംഗപ്പുരിൽ നടന്ന ഉച്ചകോടിയിൽ കിമ്മും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയിൽ ആണവനിരായുധീകരണം സംബന്ധിച്ച് കിം ഉറപ്പുനൽകിയിരുന്നു.തുടർന്ന് പ്രധാന മിസൈൽ കേന്ദ്രമുൾപ്പെടെ ഉത്തരകൊറിയ അടച്ചുപൂട്ടി. എന്നാൽ പൂർണമായ ആണവനിരായുധീകരണത്തിനു ശേഷം മാത്രമേ സാമ്പത്തിക ഉപരോധം മാറ്റൂ എന്നാണ് ട്രംപിന്റെ നിലപാ
ട്.
ഉത്തര കൊറിയയ്ക്കു മേലുള്ള ഉപരോധം മാറ്റുന്നതിൽ നിന്നു ദക്ഷിണ കൊറിയയെ തടയുന്നതും ട്രംപാണെന്ന് നേരത്തെ വിമർശനമുണ്ടായിരുന്നു, ദക്ഷിണ കൊറിയയിൽ യുഎസിന്റെ സൈനികരെ വിന്യസിച്ചിരിക്കുന്നതും കിമ്മിനെ ചൊടിപ്പിക്കുന്നുണ്ട്. എന്നാൽ സിംഗപ്പൂരിൽ വച്ചുണ്ടായ കരാർ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചാൽ മാത്രമേ ഉപരോധം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി.
അതിനിടെ ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ കാനൽ ഉത്തരകൊറിയ സന്ദർശിച്ചതും അമേരിക്കയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല.
നിലവിൽ ഉത്തരകൊറിയയ്ക്ക് അടുത്ത ബന്ധമുള്ള രാജ്യങ്ങളിലൊന്ന് ക്യൂബയാണ്.
2016ൽ ഫിദൽ കാസ്ട്രോ അന്തരിച്ചപ്പോൾ ഉത്തരകൊറിയയിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമായിരുന്നു. ഉത്തരകൊറിയയ്ക്കെതിരെയുള്ള രാജ്യാന്തര ഉപരോധത്തെയും ക്യൂബ പുച്ഛിച്ചു തള്ളിയിരുന്നു.