കൊൽക്കത്ത: ഏകദിന പരമ്പര ജയത്തിന് പിന്നാലെ വിൻഡീസിനെതിരെയുള്ള ട്വന്റി 20 പരമ്പരയിലും ഇന്ത്യ ജയത്തോടെ തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിൽ വിക്കറ്രുകൾ നഷ്ടപ്പെടുത്തി പതറിയെങ്കിലും 17.5 ഓവറിൽ 5 വിക്കറ്ര് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ദിനേഷ് കാർത്തിക്കിന്റെ അവസരോചിതമായ ഇന്നിംഗ്സാണ് ഇന്ത്യക്ക് തുണയായത്.
നേരത്തെ ടോസ് ജയിച്ച ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട വിൻഡീസ് ഒരു ഘട്ടത്തിൽ 63 റൺസിന് 7 വിക്കറ്ര് എന്ന നിലയിലായിരുന്നു. തുടർന്ന് ഫാബിയൻ അല്ലനും-27(20) കീമോ പോളും-15(13) നടത്തിയ ചെറുത്തു നിൽപ്പാണ് വിൻഡീസിനെ 100 കടത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങൾ. 16 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ രോഹിത് ശർമയെയും ശിഖർ ധവാനെയും നഷ്ടപ്പെട്ട ഇന്ത്യ ഒരു ഘട്ടത്തിൽ 45 റൺസിന് 4 വിക്കറ്റ് നഷ്ടപ്പെട്ട് പരുങ്ങലിലായി. തുടർന്ന് മനീഷ് പാണ്ഡെയും(24) ദിനേഷ് കാർത്തിക്കും(31) നടത്തി രക്ഷാപ്രവർത്തനം ഇന്ത്യയെ ലക്ഷ്യത്തോടടുപ്പിച്ചു. സ്കോർ 85 നിൽക്കെ മനീഷ് പാണ്ഡെ പുറത്തായെങ്കിലും പിന്നീട് അധികം വിക്കറ്റുകൾ നഷ്ടപ്പെടാതെ ഇന്ത്യ ജയിച്ചു കയറി.
മുന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അടുത്ത മത്സരം നവംബർ ആറാം തീയതി ലക്നൗവിൽ വച്ചാണ്.